ദേശീയ നേതാക്കള്‍ വരെ സജീവ പ്രചാരണത്തില്‍ അണിനിരന്ന കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും പ്രചരണത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. രാവിലെ ഒന്‍പത് മണി വരെ 10.6 ശതമാനം പോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും രണ്ട് മണിക്കൂര്‍ കൊണ്ട് 20 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 സ്ത്രീകളാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ഷിമോഗയിലെ ഷിക്കാര്‍പൂരില്‍ 7.15 ഓടെ വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി സദാനന്ദ ഗൗഢ പുത്തൂരില്‍ ഏഴ് മണിക്ക് വോട്ട് ചെയ്യാനെത്തി. മംഗലാപുരം മണ്ഡലത്തിലെ ബോളിയാറിലെ 100 നമ്പർ ബൂത്തില്‍ രാവിലെ മന്ത്രി യു.ടി ഖാദർ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്നും കോൺഗ്രസ്സ് നല്ല ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്നും യു.ടി ഖാദർ പറഞ്ഞു. 

ദേശീയ നേതാക്കള്‍ വരെ സജീവ പ്രചാരണത്തില്‍ അണിനിരന്ന കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അഭിപ്രായ സര്‍വ്വേ നടത്തിയ പല ഏജന്‍സികളും തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടക്കം ഏറ്റവും മുതിര്‍ന് നേതാക്കളെത്തന്നെ ബി.ജെ.പി രംഗത്തിറക്കിയപ്പോള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കര്‍ണ്ണാടകയിലെത്തി. വോട്ടിന് പണം നല്‍കുന്നുവെന്ന് വലിയ ആരോപണങ്ങളും നേരത്തെ മുതല്‍ തന്നെ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായ നിരീക്ഷണമാണ് കര്‍ണ്ണാടകയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.