ദില്ലി: രാജ്യവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കാണിച്ച് സ്റ്റുഡന്റ്‌സ് യൂണിയന്‍ മാഗസിന്‍ വിലക്കിയ പോണ്ടിച്ചേരി സര്‍വകലാശാല നടപടി പാര്‍ലമെന്റിലും ചര്‍ച്ചയായി. 'വൈഡര്‍ സ്റ്റാന്‍ഡ്' എന്ന മാഗസിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വൈസ്ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു. 

പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയുണ്ടെന്ന് രാജ്യസഭയില്‍ സിപിഐ അംഗം ഡി രാജ പറഞ്ഞു. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ക്യാംപസില്‍ അനുവദിയ്ക്കില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ മറുപടി.

രോഹിത് വെമുലയുള്‍പ്പടെ ക്യാംപസുകളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍, കവര്‍ ചിത്രമായി ടിയര്‍ ഗ്യാസ് ഷെല്ലുകളില്‍ പൂക്കള്‍ വിരിയിച്ച പലസ്തീനിലെ ബബീഹ എന്ന സ്ത്രീ, കാവിവല്‍ക്കരിക്കപ്പെട്ട ക്യാംപസുകള്‍ എന്ന പേരിലുള്ള ലേഖനം. വൈഡര്‍ സ്റ്റാന്‍ഡ് എന്ന പേരിലുള്ള പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥി മാഗസിനില്‍ നിന്ന് ഇത്രയും ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാമെന്നാണ് അധികൃതരുടെ പക്ഷം. മാഗസിനില്‍ കേന്ദ്രസര്‍ക്കാരിനും രാജ്യത്തിനും വിരുദ്ധമായി എന്തൊക്കെ പരാമര്‍ശങ്ങളുണ്ടെന്ന് അറിയിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വൈസ് ചാന്‍സലര്‍ അനീസ ബഷീര്‍ ഖാനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാഗസിന്റെ പ്രസിദ്ധീകരണം സര്‍വകലാശാല വിലക്കിയത്.

സര്‍വകലാശാലാ നടപടിയ്‌ക്കെതിരെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ നടത്തിയ പ്രതിഷേധറാലിയിലേയ്ക്ക് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ റാലിയിലേയ്ക്ക് ബൈക്കോടിച്ച് കയറ്റിയതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് അടക്കമുള്ളവരെ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ആരോപിച്ചു.