ലണ്ടന്‍: ഇന്ത്യയിലെ ജയിലുകള്‍ കുറ്റവാളികളാല്‍ തിരക്കേറിയതും ഒട്ടും വൃത്തിയില്ലാത്തതുമാണെന്ന് വിവാദ മദ്യവ്യവസയി വിജയ് മല്യ. ബ്രിട്ടണിലെ കോടതിയില്‍ നല്‍കിയ പരാതിയിലാണ് മല്യ ഇന്ത്യയിലെ ജയിലുകള്‍ വാസയോഗ്യമല്ലെന്ന് വ്യക്തമാക്കുന്നത്. ആര്‍തര്‍ റോഡ് ജയിലടക്കമുള്ള ഇന്ത്യന്‍ ജയിലുകളില്‍ തന്റെ ജീവന് ആപത്തുണ്ടാകുമെന്നും മല്യ പരാതിയില്‍പറയുന്നു. ബ്രിട്ടണിലെ ജയില്‍ വിദഗ്ധന്‍ ഡോ അലന്‍ മിച്ചലാണ് മല്യയ്ക്ക് വേണ്ടി ഹാജരായത്.
ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടണിലേക്ക് മുങ്ങിയ മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ജയിലുകളില്‍ മല്യ സുരക്ഷിതനായിരിക്കില്ലെന്നും ജയിലുകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും മല്യയുടെ അഭിഭാഷകന്‍ നേരത്തേ കേസ് പരിഗണിക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യയിലെത്തുന്ന മല്യയുടെ സുരക്ഷ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ജയില്‍ അന്തേവാസികളുടെ സംരക്ഷണ കാര്യത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുമ്പിലാണ് ഇന്ത്യ. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിപ്പെടുന്ന രാജ്യമാണ് തങ്ങളുടേതെന്നുമാണ് ഇന്ത്യയുടെ വാദം.
ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പ്രതിയായ മല്യയെ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലെ വാദം നടക്കുന്നത്. ഇന്ത്യന്‍ ജയിലുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവവും മല്യയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയെ ധരിപ്പിച്ചിരുന്നു.
പ്രമേഹരോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തെ വിവരം ധരിപ്പിക്കുകയും ജയില്‍ മാന്വല്‍ പ്രകാരം അനുവദനീയമെങ്കില്‍ വിചാരണ പൂര്‍ത്തിയാകുംവരെ മല്യക്ക് പ്രത്യേകം ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് അഭിപ്രായം ആരായുകയും ചെയ്തിരുന്നു.
