അപൂർവ്വരോഗം പിടിപെട്ട മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് എറണാകുളം വടുതലയിലെ ഒരമ്മ. വെന്‍റിലേറ്ററിൽ കഴിയുകയാണ് പത്തൊൻപതുകാരിയായ മകൾ ഗ്രീഷ്മ.
കൊച്ചി: അപൂർവ്വരോഗം പിടിപെട്ട മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് എറണാകുളം വടുതലയിലെ ഒരമ്മ. വെന്‍റിലേറ്ററിൽ കഴിയുകയാണ് പത്തൊൻപതുകാരിയായ മകൾ ഗ്രീഷ്മ.
പ്ലസ്ടു പഠനത്തിന് ശേഷം വടുതലയിലെ തട്ടുകടയിൽ അമ്മയ്ക്ക് കൂട്ട് നിൽക്കുകയായിരുന്നു ഗ്രീഷ്മ. ഇല്ലായ്മകൾക്കിടയിലും സന്തോഷത്തോടെയുള്ള ജീവിതം. പക്ഷെ കഴിഞ്ഞ ഓഗസ്റ്റ് 14ന് കാര്യങ്ങൾ തകിടം മറിഞ്ഞു. അപ്സ്മാരത്തിൽ ആയിരുന്നു തുടക്കം. ചികിത്സയിൽ ഗ്രീഷ്മയുടേത് ഓട്ടോ ഇമ്മ്യൂണോ എൻഫാലിറ്റിസ് എന്ന അപൂർവ രോഗം എന്ന് തെളിഞ്ഞു. ആന്റിബോഡി ശരീരത്തിനെതിരെ പ്രവർത്തിക്കുകയും പൂർണ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന അപൂർവ രോഗമാണിത്.
രോഗം തിരിച്ചറിഞ്ഞ സമയം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് താങ്ങാനാകാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും പ്രളയം മൂലം സാധിച്ചില്ല. സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ചികിത്സയ്ക്കായി ഇവർക്ക് മുന്നിലുള്ള ഏക മാർഗം വടുതലയിലെ തട്ടുകട മാത്രമാണ്. ഇതുവരെയുള്ള ചികിൽസ ചെലവ് മാത്രം ഏഴ് ലക്ഷത്തോളമായി. സുഹൃത്തുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ചികിത്സ ഇവിടെ വരെയെത്തിയത്. പക്ഷെ ഇനി എന്ത് എന്ന ചോദ്യത്തിന് ഇവർക്ക് ഉത്തരമില്ല.

