യാങ്കൂണ്‍: റോഹിംഗ്യന്‍ വിഷയം കത്തിയെരിയുന്ന മ്യാന്മറില്‍ റോഹിംഗ്യന്‍ സമുദായത്തെ പേരെടുത്ത് പറയാതെ മാര്‍പാപ്പയുടെ പ്രസംഗം.   റോഹിംഗ്യകള്‍ തന്റെ സഹോദരങ്ങളെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള മാര്‍പാപ്പ ഇത്തവണ അത് ആവര്‍ത്തിച്ചില്ല. മ്യാന്‍മറിലെ ക്രൈസ്തവരുടെ അഭ്യര്‍ത്ഥനയാണ് റോഹിംഗ്യന്‍ വിഷയം പരാമര്‍ശിക്കാത്തതിന് കാരണമെന്നാണ് അനുമാനം. രാജ്യത്തെ ക്രൈസ്തര്‍വര്‍ക്ക് അത്തരം പരാമര്‍ശങ്ങള്‍ കാരണം ബുദ്ധിമുട്ടുണ്ടാകുമെന്ന് മതനേതൃത്വം അറിയിച്ചുവെന്നാണ് സൂചന. 

വംശീയ വിഭാഗങ്ങള്‍ക്കെല്ലാം തുല്യാവകാശം നല്‍കണമെന്നാണ് മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. മ്യാന്‍മറില്‍ ഓങ്‌സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച നടത്തിയ മാര്‍പാപ്പ വിവിധ മത നേതൃത്വങ്ങളുമായും കൂടിക്കാഴ്ച നടത്തി. സ്യൂചിയും റോഹിംഗ്യന്‍ വിഷയം ഒഴിവാക്കിയെങ്കിലും റഖീനിലെ പ്രശ്‌നങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി എന്ന് അഭിപ്രായപ്പെട്ടു. 

നാളെ യംഗൂനില്‍ മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടക്കും, നാലുദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനത്തിനുശേഷം  ബംഗ്ലാദേശിലെത്തുന്ന മാര്‍പാപ്പ റോഹിംഗ്യകളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 

റോഹിംഗ്യകള്‍ക്ക് അനുകൂലമായായിരുന്നു നേരത്തേ വത്തിക്കാനില്‍നിന്നുള്ള പ്രതികരണങ്ങള്‍. എന്റെ പ്രിയ റോഹിംഗ്യന്‍ സഹോദരങ്ങളെ എന്നായിരുന്നു മാര്‍പ്പാപ്പ അവരെ അഭിസംബോധന ചെയ്തിരുന്നത്. 

ആയിരക്കണക്കിന് വിശ്വാസികളാണ് യാങ്കൂണിലെത്തിയ മാര്‍പ്പാപ്പയെ സ്വീകരിക്കാനായി എത്തിയിരുന്നത്. വത്തിക്കാന്റെ മഞ്ഞയും വെള്ളയും കൊടി വീശിയാണ് അവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. സ്‌നേഹവും സമാധാനവും എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് മിക്കവരും എത്തിയത്.