ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്ന് ഫ്രാന്‍സിസ് മാർപ്പാപ്പ. നിത്യേന പള്ളിയിൽ പോകുന്നവർ തന്നെ മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നത് ഇരട്ടത്താപ്പാണെന്നും മാർപ്പാപ്പ വത്തിക്കാനിൽ പറഞ്ഞു.

പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് വിശ്വാസികളുടെ കപടവേഷത്തെക്കുറിച്ച് പോപ്പ് പരാമര്‍ശം നടത്തിയത്. ഇക്കാര്യം വത്തിക്കാന്‍ റേഡിയോ ആണ് പുറത്തു വിട്ടത്. വൃത്തികെട്ട ബിസിനസ് ചെയ്ത് ചൂഷണം നടത്തുന്ന വിശ്വാസികളുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇത്തരക്കാര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. താന്‍ ഒരു ക്രിസ്ത്യാനിയാണ്, കുര്‍ബാന കൂടാറുണ്ട്, വിശ്വാസവുമായി ഒത്തു പോകാറുണ്ട് പക്ഷെ ഒരു നല്ല ക്രിസ്ത്യാനിയല്ല എന്ന് പറയുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയെക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്നും മാര്‍പ്പാപ്പ തുറന്ന് പറഞ്ഞു. അത് യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇതിലും നല്ലത് നിരീശ്വരവാദിയാണെന്നും പോപ് പറഞ്ഞു. നിരീശ്വരവാദികളും സ്വര്‍ഗത്തിലെത്തുമെന്ന പോപ്പിന്റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.