പ്രശസ്ത ഇന്തോ ശ്രീലങ്കന്‍ തമിഴ് പോപ്പ് ഗായകന്‍ എ ഇ മനോഹര്‍ എന്ന സിലോണ്‍ മനോഹര്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.

അറുപതുകളിലെയും എഴുപതകളിലെയും ഹിറ്റ് ഗാനമായ 'സുരാംഗനി' യിലൂടെയാണ് സംഗീത ലോകത്തേക്ക് അദ്ദേഹത്തിന്‍റെ കടന്നുവരവ്. ശ്രീലങ്കയിലെ പോര്‍ച്ചുഗീസ് സ്വാധീനമുള്ള നാടോടി സംഗീതമായ ബൈലായില്‍ ഉള്‍പ്പെടുന്ന ഗാനമായ സുരാംഗനിയെ ജനപ്രിയമാക്കിയത് മനോഹറായിരുന്നു. സിംഹള ഭാഷയിലുള്ള ഈ ഗാനം പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ടു. ഇന്നും ജനപ്രിയഗാനമായി തുടരുന്ന സുരാംഗനി ആയിരക്കണക്കിനു വേദികളില്‍ മനോഹര്‍ ആലപിച്ചിട്ടുണ്ട്.

നടന്‍ കൂടിയായ മനോഹര്‍ നിരവധി തമിഴ്,ശ്രീലങ്കന്‍, മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രീലങ്കന്‍ സിനിമ പുറത്തിറങ്ങിയത് 1978 ലായിരുന്നു. ശിവാജി ഗണേശന്‍ , രജനീകാന്ത് , ധര്‍മേന്ദ്ര, ജയന്‍, മമ്മൂട്ടി തുടങ്ങിയവരോടൊപ്പം അഭിനയിച്ച മനോഹരന്‍ ഒരുകാലത്ത് ജയന്‍റെ സിനിമകളിലെ പതിവ് വില്ലന്‍ സാനിധ്യമായിരുന്നു. മമ്മൂട്ടിയോടൊപ്പം തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.