ദില്ലി: അതിര്‍ത്തി സംരക്ഷണ സേനയുടെ ഔദ്ദ്യോഗിക ചടങ്ങിനിടെ പോണ്‍ വീഡിയോ ക്ലിപ് പ്രദര്‍ശിപ്പിച്ചു. പരിപാടിക്കായി പ്രൊജക്ടറില്‍ കണക്ട് ചെയ്തിരുന്ന കംപ്യൂട്ടറിലാണ് 90 സെക്കന്റ് ദൈര്‍ഘ്യമുള്ള പോണ്‍ വീഡിയോ ക്ലിപ്പ് പരിപാടിക്കിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്. പരിപാടിയില്‍ പങ്കെടുത്ത വനിതാ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നര മിനിറ്റ് ഈ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കണ്ടിരിക്കേണ്ടി വന്നതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ ബി.എസ്.എഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പഞ്ചാബിലെ ഫിറോസ്പൂരിലുള്ള ബി.എസ്.എഫിന്റെ 77 ബറ്റാലിയന്‍ ആസ്ഥാനത്തായിരുന്നു സംഭവം. അതിര്‍ത്തികള്‍ എങ്ങനെ സുരക്ഷിതമാക്കാം എന്ന തലക്കെട്ടില്‍ ഉദ്ദ്യോഗസ്ഥര്‍ക്കായി മാത്രം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ലാപ്‍ടോപ്പില്‍ നിന്ന് പ്രൊക്ടര്‍ വഴി വലിയ സ്ക്രീനില്‍ പോണ്‍ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചത്. 20 ജവാന്മാരും 12ഓളം വനിതാ ഉദ്ദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു ഇത്. 90 സെക്കന്റോളം വീഡിയോ പ്രദര്‍ശിപ്പിച്ച ശേഷം ലാപ്‍ടോപ് ഉടനെ ഓഫാക്കുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം നടന്നതായി സ്ഥിരീകരിച്ച ബി.എസ്.എഫ് വക്താവ് ഇതിന് ശേഷം പരിപാടി തടസ്സമില്ലാതെ തുടര്‍ന്നുവെന്നും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റക്കാരനായ ഉദ്ദ്യോഗസ്ഥനെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇത്തരമൊരു സംഭവം ഖേദകരമാണെന്നും ബി.എസ്.എഫ് അറിയിച്ചു.