ദില്ലി: രാജ്യ തലസ്ഥാനത്തെ രാജീവ് ചൗക്കിലെ മെട്രോ സ്‌റ്റേഷനിലുള്ള ടിവിയില്‍ അശ്ലീല വീഡിയോ കണ്ട് യാത്രക്കാരും ജീവനക്കാരും ഞെട്ടി. കഴിഞ്ഞദിവസം പട്ടാപ്പകല്‍ മെട്രോ സ്‌റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടത് അശ്ലീല ദൃശ്യങ്ങള്‍. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷന്‍ സ്‌ക്രീനിലാണ് വീഡിയോ വന്നത്. 

നിരവധിയാളുകള്‍ എത്തുന്ന സ്‌റ്റേഷനില്‍ ഏറ്റവും തിരക്കുള്ള സമയത്താണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് മിനിട്ടുകളോളം ദൈര്‍ഘ്യമേറിയ അശ്ലീല വീഡിയോ വന്നത്. ഒരു യാത്രക്കാരന്‍ ഇത് തന്റെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

സ്റ്റേഷനിലെ വൈഫൈ ഉപയോഗിച്ച് ആരെങ്കിലും നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്തതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവം അന്വേഷിക്കാന്‍ ഡിഎംആര്‍സി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അ്‌വേഷണം നടക്കുകയാണ്. എന്നാല്‍ ഇത്ര നിസാരമായി ഹാക്ക് ചെയ്യാവുന്നതാണോ മെട്രോ സ്‌റ്റേഷനിലെ സുരക്ഷയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.