ലൈംഗിക പീഡനപരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശിയ്ക്കും അന്വേഷണക്കമ്മീഷൻ അംഗം എ.കെ.ബാലനുമെതിരെ പാലക്കാട്  മണ്ണാർക്കാട്ടും തച്ചമ്പാറയിലും പോസ്റ്ററുകൾ. 'നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല' എന്നാണ് പോസ്റ്ററുകളിൽ.

പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന മണ്ണാർക്കാട് എംഎൽഎ പി.കെ.ശശിയ്ക്കും അന്വേഷണകമ്മീഷൻ അംഗം എ.കെ.ബാലനുമെതിരെ പാലക്കാട് മണ്ണാർക്കാട്ടും തച്ചമ്പാറയിലും പോസ്റ്ററുകൾ. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നാണ് പോസ്റ്ററിലെ പരിഹാസം. 'നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന' മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ പ്രസംഗവും പോസ്റ്ററിലുണ്ട്. ശശിയ്ക്കെതിരെ പാ‍ർട്ടിയിൽ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെ, എംഎൽഎ വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുന്നതിനെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ടെന്നാണ് സൂചന.

സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്നവർക്കുള്ള സ്വീകരണചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്. പാലക്കാട് മണ്ണാർക്കാട്ട് തച്ചമ്പാറയിൽ വൈകിട്ട് ആറ് മണിയ്ക്കാണ് പരിപാടി. തച്ചമ്പാറയിലും മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. പി.കെ.ശശിയ്ക്ക് പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണകമ്മീഷനംഗം എ.കെ.ബാലനുമായി ശശി വേദി പങ്കിടുന്നതിൽ തെറ്റില്ലെന്നുമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍റെ വിശദീകരണം.