മൂവായിരത്തോളം പോസ്റ്റല്‍ ഉരുപ്പടികള്‍ തപാലാപ്പീസിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മാന്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്തുകൾ വരെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
കൂട്ടിക്കല്‍ പോസ്‌റ്റോഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിപ്ലാങ്ങാട് (മുക്കുളം) സബ്‌പോസ്റ്റോഫീസിന്റെ പിന്‍വശത്തെ കക്കൂസിനോട് ചേര്‍ന്നു വരാന്തയില്‍ ചാക്കില്‍ നിറച്ച നിലയില്‍ സൂക്ഷിച്ച ഉരുപ്പടികള്‍ സമീപവാസികളാണ് കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ നാട്ടുകാര്‍ കെട്ടിടത്തിന്റെ പിന്‍വശത്ത് മറ്റൊരാവശ്യത്തിനായി കയറിയപ്പോഴാണ് ചാക്കില്‍ തപാല്‍ ഉരുപ്പടികള്‍കണ്ടത്.
ആധാര്‍ കാര്‍ഡ്, പോസ്‌ററല്‍ ബാലറ്റുപേപ്പറുകള്‍,വിവിധ ബാങ്കുകളില്‍ വിവിധ തസ്തികള്‍ക്കുളള നിയമന ഉത്തരവു അറിയപ്പുകള്‍, കോടതി സമന്‍സ്, പൊലീസ് അടക്കം വിവിധ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും അയച്ചിരിക്കുന്ന രേഖകള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. എന്നിവര്‍ അയച്ച കത്തുകള്‍, ബാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെയുളള വിവിധ തപാല്‍ ഉരുപ്പടികളാണ് ഇവിടെ ആളുകള്‍ക്കു വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി വന്നിട്ടുളള ഉരുപ്പടികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപെട്ടു പോസ്റ്റോഫീസിലെ താത്കാലിക പോസ്റ്റുമാന്‍ മുണ്ടക്കയം, ചെളിക്കുഴി,കൊച്ചുപറമ്പില്‍, കെ,ആര്‍ അരുണ്‍കുമാറി(23)നെ പെരുവന്താനം പൊലീസ് അറസ്റ്റുചെയ്തു.
എന്നാല്‍ പോസ്റ്റോഫിസില്‍ ലഭിക്കുന്ന എല്ലാ ഉരുപ്പടികളും താന്‍ കൃത്യമായി പോസ്‌ററുമാനെ ഏല്‍പ്പിച്ചിരുന്നുവെന്നും, ഇയാള്‍ഉരുപ്പടികള്‍ വിതരണം നടത്താതെ സൂക്ഷിച്ച വിവരം അറിഞ്ഞിരുന്നില്ലന്നും സബ് പോസ്റ്റു മാസ്റ്റര്‍ പൊലീസിനും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിനും മൊഴി നല്‍കിയിട്ടുണ്ട്.
സംഭവം സംബന്ധിച്ചു താന്‍ നേരിട്ടെത്തി പ്രാഥമിക അന്വഷണം നടത്തിയതായും താത്കാലിക പോസ്റ്റുമാന്‍ കുറ്റക്കാരനാണന്നു മനസ്സിലാക്കിയതായും ചങ്ങനാശ്ശേരി പോസ്റ്റല്‍ സൂപ്രണ്ട് സാജന്‍ഡേവിഡ് അറിയിച്ചു. ഇക്കാലയളവില്‍ പോസ്റ്റോഫീസില്‍ എത്തിയിട്ടുളള രജിസ്‌ട്രേഡ് ഉരുപ്പടികള്‍, മണി ഓര്‍ഡറുകള്‍ സ്പീഡ്‌പോസ്റ്റ് ഉരുപ്പടികള്‍ സംബന്ധിച്ചു ആളുകളെ നേരില്‍കണ്ടു അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. അറസ്റ്റിലായ അരുണ്‍കുമാറിനെ നാളെ പീരുമേട് കോടതിയില്‍ ഹാജരാക്കും.
