പോത്തന്‍കോട്: വിവാഹസത്കാരത്തിനിടെയുണ്ടായ സ്ത്രീധനത്തര്‍ക്കത്തിനൊടുവില്‍ നവവധുവിനെ വീട്ടിലേക്ക് മടങ്ങിയ സംഭവത്തില്‍ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയ്ത്തൂര്‍ക്കോണം മണ്ണറ സ്വദേശി പ്രണവിനെ(30) പോത്തന്‍കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായിട്ടായിരുന്നു പ്രണവിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഭര്‍തൃഗ്രഹത്തിലെത്തിയ വധുവിനോട് വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ട കാറെവിടെ എന്ന് അന്വേക്ഷിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 

തിരുവനന്തപുരം കൊയ്ത്തൂര്‍ക്കോണത്താണ് വിവാഹസത്കാരത്തിനിടെ സ്ത്രീധനത്തെച്ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ചോദിച്ച കാര്‍ എവിടെയെന്ന് അന്വേഷിച്ചു.

വരന്റെ വീട്ടില്‍ കാറിടാന്‍ സൗകര്യമില്ലാത്തതിനാല്‍ തന്റെ വീട്ടിലുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. അപ്പോള്‍ കാറിന്റെ താക്കോല്‍ വേണമെന്നായി വീട്ടുകാര്‍. വൈകുന്നേരം സത്കാരത്തിന് വരന്റ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യമറിഞ്ഞ് ഇരുകൂട്ടരും തമ്മില്‍ ബഹളമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പെണ്‍കുട്ടിയെ വീട്ടിലേക്കു തിരികെ കൊണ്ടുപോവുകയുമായിരുന്നു.

പെണ്‍വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അറസറ്റ് ചെയ്ത പ്രണവിനെ പിന്നീട്ട് ജാമ്യത്തില്‍ വിട്ടയച്ചു. സ്ത്രീധന നിരോധന നിയമപ്രകാരമാണു കേസ് എടുത്തതെന്ന് പോത്തന്‍കോട് എസ് ഐ ഷാജി പറഞ്ഞു.