ഹൈദരബാദ്; തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ആത്മഹത്യ ചെയ്തത് തെലുങ്ക് ടെലിവിഷന്‍ രംഗത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് ഹൈദരാബാദിലെ അല്‍കാപുരി കോളനിയിലെ വസതിയില്‍ പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടത്. 

ഭാര്യയും സുഹൃത്തുമാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തെലുങ്ക് സീരിയല്‍ താരം പവനി റെഡ്ഡിയാണ് പ്രദീപിന്റെ ഭാര്യ. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. 

സപ്ത മാത്രിക, അഗ്നിപൂവുലു തുടങ്ങിയവയാണ് പ്രദീപിന്റെ പ്രധാനപ്പെട്ട സീരിയലുകള്‍. അഗ്നിപൂവുലുവില്‍ പവനി റെഡ്ഡിയും അഭിനയിച്ചിട്ടുണ്ട്. അതിനിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും ശരിയല്ലെന്ന് പറഞ്ഞ് പ്രദീപ് ആത്മഹത്യ ചെയ്ത ദിവസത്തെ കാര്യങ്ങള്‍ പവനി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

പ്രദീപ് എന്നോട് സംസാരിക്കാന്‍ വന്നു, എന്നാല്‍ ഞാന്‍ മറ്റെന്തോ കാര്യത്തില്‍ തിരക്കിലായിരുന്നു, ഇത് പ്രദീപിനെ ചൊടിപ്പിച്ചു, അദ്ദേഹം ഏറെ അപ്സറ്റായാണ് തോന്നിയത്. പിന്നീട് ഞങ്ങള്‍ തമ്മില്‍ വലിയ ബഹളം നടന്നു. ഞാന്‍ ബാത്ത്റൂമില്‍ കയറി വാതില്‍ അടച്ച് കരഞ്ഞു, അദ്ദേഹം അതേ സമയം ദേഷ്യംമൂലം അവിടെയുള്ള ഒരു ഗ്ലാസ് ഇടിച്ചുതകര്‍ത്തു, കൈമുറിഞ്ഞ അദ്ദേഹത്തിന് ഇത് കെട്ടികൊടുത്തത് എന്‍റെ സഹോദരനായിരുന്നു. പിന്നീട് അന്ന് ഞാന്‍ റൂമിന് പുറത്ത് ഒരു കസേരയിലാണ് കിടന്നത്, രാവിലെ പ്രദീപിനെ വിളിച്ചുണര്‍ത്തി അന്നത്തെ ഷൂട്ടിംഗിന് വിടുവാന്‍ നോക്കിയപ്പോഴാണ് അദ്ദേഹം തൂങ്ങി നില്‍ക്കുന്നത് കാണുന്നത്.. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേ സമയം പ്രദീപിന്‍റെ ഒരു സുഹൃത്ത് ടിവി9 ചാനലിനോട് പറ‍ഞ്ഞ പ്രകാരം ശ്രാവണ്‍ എന്ന യുവാവിനെ ചൊല്ലി ദമ്പതികള്‍ നിരന്തരം കലഹിച്ചിരുന്നതായി പറയുന്നു. ഇപ്പോള്‍ ദുബായില്‍ ഉള്ള ശ്രാവണിന്‍റെ അടുത്തിടെ നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിയിലെ സംഭവങ്ങള്‍ ദമ്പതികള്‍ക്കിടയില്‍ വലിയ പ്രശ്നം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം പ്രദീപിന്‍റെ വലിയ കടബാധ്യതകളെക്കുറിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതും പോലീസ് അന്വേഷണത്തിന്‍റെ കീഴില്‍ വരുന്നുണ്ട്.