പൊലീസിനെ ഭയന്നോടിയ സംഭവം: പൊലീസിന് വീഴ്ചയെന്ന്, രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇല്ലെന്ന് ബന്ധുക്കള്‍

തൃശൂർ: ചേലക്കരയിൽ ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ് മരിച്ച യുവാവിൻറെ മരണവുമായി ബന്ധപ്പെട്ട് രഷ്ട്രീയ നേതാക്കളും ബന്ധുക്കളും രണ്ട് തട്ടില്‍. പ്രജീഷിന്‍റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണം ബന്ധുക്കള്‍ നിഷേധിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ വെട്ടിലായി.

ഞായറാഴ്ച രാത്രി ചേലക്കര അരമന ബാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുളള വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവില്‍ പൊലീസിനെ കണ്ട് വിരണ്ടോടുന്നതിനിടെയാണ് പ്രജീഷ് കിണറ്റില്‍ വീണ് മരിച്ചത്. സമീപപ്രദേശത്തുളള വീട്ടുകാര്‍ അറിയിച്ചിട്ടും കിണറ്റില്‍ വീണ പ്രജീഷിനെ രക്ഷിക്കാൻ പൊലീസ് സഹായിച്ചില്ലെന്ന ആരോപണം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിക്കുകയും പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയയുടൻ പൊലീസെത്തി വേണ്ട സഹായം നല്‍കിയെന്നാാണ് പ്രജീഷിന്‍റെ കുടുംബാംഗങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ അനാവശ്യവിവാദത്തിന് താത്പര്യമില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ സിപിഎം ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൂലിപ്പണിക്കാരനായ പ്രജീഷിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.