ജയ്പൂര്‍: വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാക്ഷരത വെറും 18 ശതമാനമായിരുന്നു. എന്നാല്‍ ഇന്ന് 18 ല്‍ നിന്ന് 80 ശതമാനത്തിലേക്ക് സാക്ഷരത വളര്‍ന്നിരിക്കുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രാജ്യത്ത് നിരക്ഷരത എന്നൊന്നുണ്ടാവില്ല. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജയ്പൂരില്‍ വച്ച് നടന്ന ഫെസ്റ്റിവല്‍ ഓഫ് എജ്യുക്കേഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വീടുകളില്‍ വിദ്യാഭ്യാസം കുറവുള്ളവരുണ്ടെങ്കില്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ആറാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനുമിടയ്ക്കുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് ഗുരുതുല്ല്യനായി കുട്ടി ഇവിടെ മാറുന്നു. ഇങ്ങനെ രാജ്യത്ത് നിന്ന് നിരക്ഷത പൂര്‍ണ്ണമായി തുടച്ച് മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭാസം എന്നത് എഴുതാനും വായിക്കാനും കഴിയുക എന്നല്ല. മറിച്ച് വിവരങ്ങള്‍ ആര്‍ജിച്ചെടുക്കാനുള്ള കഴിവാണ്. വിദ്യാഭ്യാസത്തിലൂടെ ജോലി വാങ്ങിയെടുക്കുക എന്നതാവരുത് ലക്ഷ്യം, മറിച്ച് നല്ല മനുഷ്യരാവുക എന്നതായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
