കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ലെന്നും കാരാട്ട്

കോഴിക്കോട്: ഭരണഘടന തകര്‍ത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രകാശ് കാരാട്ട്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ലെന്നും അദ്ദേഹം ഒഞ്ചിയത്ത് പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിദിനത്തിന്‍റെ എഴുപതാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം ആര്‍.എസ്.എസുകാരെ തിരുകി കയറ്റുകയാണ് കേന്ദ്രസര്‍ക്കാരെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. കേരളത്തില്‍ ആര്‍.എസ്.എസ് ആക്രമണം അഴിച്ച് വിടുകയാണ്. ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ ഇന്ധല വില വര്‍ധന ഒഴിവാക്കാന്‍ എക്സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎമ്മും സിപിഐയും ഒന്നിച്ചാണ് ഒഞ്ചിയം രക്തസാക്ഷി ദിനം ആചരിച്ചത്.