ദില്ലി: വിടി ബല്‍റാം എംഎല്‍എയുടെ എകെജി പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജിക്കെതിരേ ഫെയ്‌സ്ബുക്കില്‍ ബല്‍റാം നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കാരാട്ടിന്റെ പ്രതികരണം. എകെജിക്ക് എതിരേ വി.ടി ബല്‍റാം എംഎല്‍എ നടത്തിയത് മക്ക്രാക്കിങ് എന്ന അവഹേളിക്കല്‍ ആണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രഗല്‍ഭരായവരെ ചെളിവാരിയെറിഞ്ഞ് പ്രശസ്തനാകാനുള്ള ശ്രമമാണ് അത്. നേരിട്ട് കണ്ടിട്ടുള്ള ഏറ്റവും സമര്‍പ്പിതരായ ദമ്പതികളായിരുന്നു എകെജിയും സുശീലയുമെന്നും ഒരു ടെലിലിഷനോട് കാരാട്ട് വ്യക്തമാക്കി.
ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ ബല്‍റാം എകെജിയെ ബാലപീഡകനെന്ന് വിളിച്ചത് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ബല്‍റാമിനെതിരേ വിവിധ മേഖലയില്‍ നിന്ന് പ്രതിഷേധം ഉയരുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
