'റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെന്നതും പാർലമെന്റിൽ എത്തിയില്ലെന്നതും സത്യം അല്ലേ ? പ്രധാനമന്ത്രി ഉത്തരം പറയാതെ ഒളിക്കുന്നതിനെ നിങ്ങള്‍ പ്രശ്നവത്ക്കരിക്കുന്നില്ലേ ? നമ്മള്‍ ചിന്തിക്കണം പാര്‍ലമെന്‍റില്‍ പോലും മറുപടി പറയാന്‍ പ്രധാനമന്ത്രി എത്തുന്നില്ല'- പ്രകാശ് രാജ് പറഞ്ഞു.  

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന വിവാദം കൊടുംമ്പിരിക്കൊള്ളുമ്പോൾ പിന്തുണയുമായി നടൻ പ്രകാശ് രാജ് രംഗത്ത്. രാഹുലിന്റെ പ്രസംഗത്തെ എല്ലാവരും തെറ്റായാണ് വ്യാഖ്യാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. ദില്ലിയിൽ കോൺഗ്രസ് ആസ്ഥാനത്ത് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാഹുൽ സ്ത്രീകൾക്കെതിരെ പരാമർശം നടത്തിയെന്ന് ഞാൻ കരുതുന്നില്ല. ട്രാന്‍സ്‌ജെന്‍ഡറെ പാർട്ടിയുടെ പ്രധാന സ്ഥാനത്ത് നിയമിച്ച ആളാണ് അദ്ദേഹം. രാഹുലിന്റെ പ്രസ്താവനയെ എന്തുകൊണ്ടാണ് ഒരു കോണിലൂടെ മാത്രം വീക്ഷിക്കുന്നത് ? റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെന്നതും പാർലമെന്റിൽ എത്തിയില്ലെന്നതും സത്യം അല്ലേ ? പ്രധാനമന്ത്രി ഉത്തരം പറയാതെ ഒളിക്കുന്നതിനെ നിങ്ങള്‍ പ്രശ്നവത്ക്കരിക്കുന്നില്ലേ ? നമ്മള്‍ ചിന്തിക്കണം പാര്‍ലമെന്‍റില്‍ പോലും മറുപടി പറയാന്‍ പ്രധാനമന്ത്രി എത്തുന്നില്ല'- പ്രകാശ് രാജ് പറഞ്ഞു. 

പാര്‍ലമെന്റിലെ റഫാലുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ‘സീതാരാമന്‍ ജി എനിക്ക് വേണ്ടി പ്രതിരോധിക്കണം എന്ന് പറഞ്ഞ് 56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടിയൊളിക്കുകയാണ്. എനിക്ക് ഒറ്റയ്ക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ട് എനിക്ക് വേണ്ടി പ്രതിരോധിക്കണം. എന്നാൽ രണ്ട് മണിക്കൂർ മോദിയെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഞാന്‍ പ്രത്യക്ഷമായ ചോദ്യം ചോദിച്ചിട്ടും അവര്‍ക്ക് ഉത്തരമില്ല. പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കുകയാണ് ചെയ്തതെന്നുമാണ്" രാഹുല്‍ ഗാന്ധി മോദിയെ പരിഹസിച്ച് പറഞ്ഞത്.

റഫാൽ ചർച്ചയിൽ പ്രതിരോധമന്ത്രി നിർമല സീതാരാമന്‍റെ 2.5 മണിക്കൂർ പ്രസംഗത്തെ സൂചിപ്പിച്ചായിരുന്നു രാഹുലിന്‍റെ പരിഹാസം. ഇതിനു പിന്നാലെ രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മോദി ആരോപിച്ചിരുന്നു. ആഗ്രയിലെ റാലിയില്‍ പങ്കെടുക്കവേയാണ് മോദിയുടെ പരാമർശം. ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ചു.