ജൂണ്‍ ഏഴിനാണ് പരിപാടി നിലപാട് പരിപാടിയില്‍ വ്യക്തമാക്കുമെന്നും പ്രണബ്

ദില്ലി: ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രണബ് മുഖര്‍ജിയുടെ പ്രതികരണം. മുന്‍ രാഷ്ട്രപതിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നാഗ്പൂരില്‍ പോകുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. എന്നാല്‍, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാഗ്പൂരില്‍ പറയുമെന്നാണ് പ്രണബ് മുഖര്‍ജി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന് ഒട്ടും ആശ്വസം പകരുന്ന വാക്കുകളല്ല.

തനിക്ക് ഒരുപാട് കത്തുകളും ഫോണ്‍ കോളുകളും വന്നു. പക്ഷേ, അതിനൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. പറയാനുള്ളതെല്ലാം നാഗപൂരില്‍ പറയുന്നതാണെന്ന് പ്രണബ് പറഞ്ഞു. ജൂണ്‍ ഏഴിന് നാഗ്പൂരിൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരാവാൻ പരിശീലനം പൂർത്തിയാക്കിയവരെ അഭിസംബോധന ചെയ്താണ് പ്രണബ് മുഖര്‍ജി സംസാരിക്കുക. എന്നാല്‍, ഈ തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

പക്ഷേ, തന്‍റെ തീരുമാനം മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം പ്രണബ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തീരുമാനം ഊട്ടിയുറപ്പിക്കുന്ന പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നു. പ്രണബിന്‍റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നാണ് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ ചൗധരി പറഞ്ഞത്.

രാഷ്ട്രപതി ആയതു മുതൽ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും ദേശീയതയെക്കുറിച്ച് സംസാരിക്കാനാണ് ആർഎസ്എസ് ക്ഷണിച്ചത്. ഇക്കാര്യത്തിൽ തന്‍റെ നിലപാട് പരിപാടിയിൽ വ്യക്തമാക്കുമെന്നാണ് പ്രണബിന്‍റെ നിലപാട്. ആർഎസ്എസ് നിരോധിത സംഘടനയല്ലെന്ന് പ്രണബുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രണബിനെതിരെ വിമർശനം പാടില്ലെന്ന നിർദ്ദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വക്താക്കൾക്ക് നല്കിയിരിക്കുന്നത്.