നേരത്തെ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നിവരെ വിധിയില്‍ പേരെടുത്ത് പറഞ്ഞ് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു

ദില്ലി:ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞതെന്നും നീതിന്യായചരിത്രത്തിലെ കറുത്ത ദിവസമാണിതെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. സംശയങ്ങള്‍ ചോദിച്ച തങ്ങളെ ശകാരിക്കുകയാണ് കോടതി ചെയ്തതെന്നും ഭൂഷണ്‍ പറഞ്ഞു. 

നേരത്തെ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നിവരെ വിധിയില്‍ പേരെടുത്ത് പറഞ്ഞ് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കോടതി കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ അഭിഭാഷകര്‍ കോടതിക്കുള്ളില്‍ പ്രശ്നമുണ്ടെനന് തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. 

പൊതുതാത്പര്യ ഹര്‍ജികള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. ഗൂഢലക്ഷ്യത്തോടെയുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന പറഞ്ഞ ഹൈക്കോടതി പൊതുതാത്പര്യഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.