മാറ്റു കുറയ്ക്കാതെ പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം

ദുബായ്: നാട്ടിലില്ലെങ്കിലും ഗൾഫ് നാടുകളിലെ മലയാളികളുടെ ആഘോഷങ്ങളുംനിറപ്പകിട്ടുള്ളതായിരുന്നു. ഒറ്റപ്പെടലിന്‍റെ വേദനയിലും ഗള്‍ഫ് പ്രവാസികള്‍ ഏറെ ആഹ്ലാദത്തോടെയാണ് ചെറിയപെരുന്നാള്‍ ആഘോഷിച്ചത്. പുത്തനുടുപ്പണിഞ്ഞും സുഹൃത്തുക്കള്‍ പരസ്പരം ഒത്തുകൂടിയും ആഘോഷത്തിന്‍റെ ഭാഗമാകുന്നവര്‍.

ഫ്ലാറ്റുകളും വില്ലകളും കേന്ദ്രീകരിച്ചാണ് മലയാളി കുടുംബംഗങ്ങളുടെ ചെറിയ പെരുന്നാള്‍. പാട്ടുകള്‍ പാടിയും, മൈലാഞ്ചിയിട്ടും, മധുരവും നാണയത്തുട്ടുകളും വിതരണം ചെയ്തും പെരുന്നാള്‍ രാവിനെ പ്രവാസികള്‍ സജീവമാക്കി

ഇഷ്ടവിഭവമായ ബിരിയാണിയും അരീസയും മറ്റു മധുരപലഹാരങ്ങളും തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഒരുകൂട്ടം സ്ത്രീകള്‍. ഓരോ ചുമതല വീതംവച്ച് കൊടുത്താണ് ഗള്‍ഫ് കൂട്ടായ്മയിലെ ആഘോഷങ്ങള്‍. പിറന്ന മണ്ണിനെക്കാളും ആവേശത്തോടെയും ആഘോഷത്തോടെയുമാണ് അവര്‍ പ്രവാസപെരുന്നാള്‍ കൊണ്ടാടുന്നത്. നാടകലെയാണെങ്കിലും ഓര്‍മകളിലെ പെരുന്നാളിന്‍റെ മധുരം ഓരോരുത്തരുടേയും മനസ്സിലുണ്ട്.

കുടുംബാംഗങ്ങളെയെല്ലാം ആലിംഗനെ ചെയ്ത് പെരുന്നാള്‍ ആശംസകള്‍ കൈമാറി അടുത്ത കേന്ദ്രത്തിലേക്കുള്ളയാത്രയാണ് പിന്നീട്. അങ്ങനെ വിശുദ്ധ റംസാനിലെ പകലില്‍ വ്രതമെടുത്തും രാവേറെ നീണ്ട പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തും പാകപ്പെടുത്തിയ മനസുകള്‍ക്ക് ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ പെരുന്നാള്‍ കാലമാണ്.