ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ . സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജ്ജി നല്‍കിയില്ലെങ്കില്‍ ഈ മാസം 17 ന് രാത്രി മുതല്‍ 18ന് രാത്രി വരെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ എന്‍ഡിഎയുടെ ലോം​ഗ് മാർച്ച് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടങ്ങി. നാളെ മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തും. അതേസമയം, ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു. 

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ എന്‍ഡിഎ പത്താം തീയതി പന്തളത്തു നിന്ന് തുടങ്ങിയ ലോംഗ് മാര്‍ച്ചിന്‍റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം സുരേഷ് ഗോപി എം പി ഉദ്ഘാടനം ചെയ്തു. കര്‍ണാടകയില്‍ നിന്നുളള രണ്ട് എംഎല്‍എമാരും മാര്‍ച്ചിന്‍റെ ഭാഗമായി. കുപ്രചരണങ്ങൾ കൊണ്ട് സമരം പൊളിക്കാനാണ് സിപിഎം ശ്രമമെന്ന് ജാഥാ ക്യാപ്റ്റന്‍ പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു. 

നാളെ പട്ടത്തു നിന്നാരംഭിക്കുന്ന ലോംഗ് മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിക്കും. സമാപന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രി ബംഗാരു ദത്താത്രേയ ഉദ്ഘാടനം ചെയ്യും. ശബരിമല വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത് ക്ളിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജ്ജി നല്‍കിയില്ലെങ്കില്‍ ഈ മാസം 17 ന് രാത്രി മുതല്‍ 18ന് രാത്രി വരെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചു. 

അതിനിടെ, എരുമേലിയിൽ ആലങ്ങാട്ട് യോഗത്തിന്റെ നേതൃത്വത്തിൽ ശരണനാമജപയാത്ര നടന്നു. വലിയമ്പലത്തിന് മുൻപിൽ നിന്നും ആരംഭിച്ച് പേട്ടക്കവലയിൽ സമാപിച്ചു. പി.സി ജോർജ് എംഎൽഎയും നാമജപയാത്രയ്ക്ക് പിന്തുണയുമായെത്തി. ദില്ലിയിലും നാമജപ യജ്ഞം നടന്നു. പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ അയ്യപ്പ ധർമസംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.