തൃശൂര്‍: മസിലുകള്‍ ചുരുങ്ങിയില്ലാതായിക്കൊണ്ടിരിക്കുമ്പോഴും മനസില്‍ നിറയുന്ന നിറങ്ങളെ ക്യാന്‍വാസിലാക്കാതിരിക്കാന്‍ പ്രവീഷ് ചന്ദ്രയ്ക്ക് കഴിയില്ല. തൃപ്രയാറില്‍ പരേതരായ പെരിങ്ങാട്ട് ചന്ദ്രന്‍ - ചന്ദ്രമതി ദമ്പതികളുടെ മകനാണ് പ്രവീഷ് ചന്ദ്ര എന്ന യുവചിത്രകാരന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി വീല്‍ചെയറിലാണ് പ്രവീഷ് ചന്ദ്രയുടെ ജീവിതം. മസിലുകള്‍ ക്ഷയിക്കുന്ന അപൂര്‍വരോഗം ബാധിച്ചിട്ടും ചിത്രകലയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച യുവ ചിത്രകാരന്‍ പ്രവീഷ് ചന്ദ്രനെ തേടി ഇത്തവണ സി.എന്‍. കരുണാകരന്‍ ഫൗണ്ടേഷന്റെ സംസ്ഥാന പുരസ്‌കാരവുമെത്തി.
നന്നേ ചെറുപ്പം മുതല്‍ ചിത്രകലയില്‍ പ്രതിഭ തെളിയിക്കാന്‍ പ്രവീഷ് ചന്ദ്രയ്ക്ക് സാധ്യമായി. ഇതിനിടെയാണ് മസിലുകള്‍ ക്ഷയിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം ഈ യുവചിത്രകാരന്റെ ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. രോഗം തിരിച്ചറിഞ്ഞത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ്. രക്ഷിതാക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് മകനെ വിധേയനാക്കി. ഡോക്ടര്‍ തോമസ് ഐപ്പ് പതിനഞ്ചുകാരനായ പ്രവീഷ് ചന്ദ്രയോട് രോഗത്തിന്റെ തീവ്രത മുഖവുര കൂടാതെ വ്യക്തമാക്കുകയായിരുന്നു.
രോഗ വിവരം അല്‍പ്പം നടുക്കം ഉണ്ടാക്കിയെങ്കിലും പതിയെ പതിയെ രോഗത്തോട് പോരാടി ജീവിതത്തില്‍് പിടിച്ചുനില്‍ക്കാന്‍ തനിക്ക് കഴിഞ്ഞത് ചിത്രകലയോടുള്ള ആഴമേറിയ സ്‌നേഹം കൊണ്ടാണ്. എറണാകുളത്ത് പലരുടെയും ഒപ്പം ചിത്രകലാ രംഗത്ത് പ്രവര്‍ത്തിക്കാനും ഗ്രൂപ്പ് ഷോകളില്‍ പങ്കെടുക്കാനും സാധിച്ചു. തുടക്കത്തില്‍ അമൂര്‍ത്തമായ ചിത്രങ്ങളാണ് വരച്ചെടുത്തതില്‍ ഭൂരിഭാഗവും. വര്‍ഷങ്ങള്‍ കഴിയുംതോറും പ്രതീഷിന്റെ മസിലുകള്‍ പതുക്കെ പതുക്കെ ക്ഷയിച്ചുവന്നു.

പല വൈദ്യന്‍മാരെയും സമീപിച്ചെങ്കിലും ചിലര്‍ മരുന്നുപോലും കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തിന്റെ പേരില്‍ തന്നെ ചൂഷണം ചെയ്തതായി പ്രവീഷ് ചന്ദ്ര വൈകിയാണ് മനസിലാക്കുന്നത്. രോഗം കൂടുതലായതോടെ അരക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന അവസ്ഥയിലായി. മന്ത്രിയായിരിക്കെ പി.കെ ജയലക്ഷ്മിയാണ് ഈ യുവചിത്രകാരന് വീല്‍ചെയര്‍ വാങ്ങി നല്‍കിയത്. രോഗം കലശലായപ്പോഴും ചിത്രകലയില്‍ സമയം ചിലവഴിക്കാന്‍ പ്രവീഷിനായി. ആക്രലിക് ഉപയോഗിക്കാന്‍ പ്രവീഷ് തുടങ്ങുന്നത് ഇതിനിടെയാണ്. അക്കാദമിക് തലത്തില്‍ ചിത്രകല പഠിക്കാന്‍ കഴിയാത്തത് പ്രവീഷിന്റെ നിറവേറ്റാന്‍ കഴിയാത്ത് സ്വപ്‌നമായി അവശേഷിക്കുന്നു.
ഭാര്യ സരിതയ്ക്കും, നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ വൈഗയ്ക്കുമൊപ്പം തൃപ്രയാര്‍ സെന്ററിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ് പ്രവീഷ്. ഇപ്പോള്‍ കൈകളുടെ മസിലുകളും ക്ഷയിക്കകയാണെന്ന തിരിച്ചറിവ് തന്നെ മാനസികമായി തളര്‍ത്തുന്നില്ലെന്ന് പ്രവീഷ് ചന്ദ്ര പറയുന്നു. തന്റെ ചലനവേഗത്തിന് സഹായകമാകുന്ന, രണ്ട് ലക്ഷത്തില്‍ താഴെ വിലവരുന്ന ഓട്ടോമാറ്റിക് വീല്‍ചെയര്‍ സ്വന്തമാക്കുകയെന്ന സ്വപ്നമാണ് മുപ്പത്തിമൂന്നുകാരനായ ഈ യുവചിത്രകാരനുള്ളത്.
