ജയ്പ്പൂര്‍: കേന്ദ്ര സര്‍ക്കാർ തന്നെ വേട്ടയാടുന്നു എന്ന് ആരോപിച്ച് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രവീൺ തോഗാഡിയ രംഗത്തു വന്നു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാൻ ശ്രമിക്കുകയാണെന്ന് തൊഗാഡിയ നിറകണ്ണുകളോടെ അഹമ്മദാബാദിൽ പറഞ്ഞു. അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പൊലീസ് എത്തിയ ശേഷം ഇന്നലെ കാണാതായ തൊഗാഡിയയെ പിന്നീട് ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂജ ചെയ്തുകൊണ്ടിരുന്നപ്പോൾ രാജസ്ഥാൻ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ അമ്മദാബാദിലെത്തിയിട്ടുണ്ടെന്ന് ഒരാൾ റൂമിലെത്തി പറഞ്ഞു. ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫാക്കി ഓട്ടോയിൽ കയറി വിമാനത്താവളത്തിലേക്ക് പോയി . രാജസ്ഥാനിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ കൊതര്‍പൂരിലെത്തിയപ്പോൾ ബോധം നഷ്ടമായെന്നും പിന്നീട് ആശുപത്രിയിൽ വച്ചാണ് കണ്ണ് തുറന്നതെന്നും പ്രവീൺ തൊഗാഡിയ വിശദീകരിച്ചു. പത്ത് വര്‍ഷം മുന്പുള്ള കേസിന്‍റെ പേരിൽ രാജസ്ഥാൻ-ഗുജറാത്ത് പൊലീസുകളും ഐബിയെ ഉപയോഗിച്ച് കേന്ദ്രവും വേട്ടയാടുകയാടുകയാണെന്നും തൊഗാഡിയ പറഞ്ഞു.

 സംഘര്‍ഷം ഒഴിവാക്കാനാണ് അറസ്റ്റ് ഒഴിവാക്കാൻ ശ്രമം നടത്തിയത്. ഗുജറാത്തിലും രാജസ്ഥാനിലും തനിക്കെതിരെ കേസില്ലെന്നും തൊഗാഡിയ വിശദീകരിച്ചു. രാമക്ഷേത്ര നിര്‍മ്മാണവും ഗോസംരക്ഷണവുമായി വിഎച്ച്പി മുന്നോട്ടുപോകുമെന്നും വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇന്നലെ രാത്രി തൊഗാഡിയയെ കാണാതായത് സംഘർഷത്തിന് ഇടയാക്കിയിരുന്നു അഹമ്മദാബാദിലെ ഷാഹിബാദിൽ ബോധം നഷ്ടപ്പെട്ട് കിടന്ന തൊഗാഡിയയെ പിന്നീട് ആശുപത്രിയിൽ ആരോ എത്തിക്കുകയായിരുന്നു.