ലാഭം ലക്ഷ്യമിട്ട് കെഎസ്ഇബി ഡാമുകള്‍ അവസാന നിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. എന്നാല്‍ കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നാണ് മന്ത്രി എം.എം മണിയുടെ പ്രതികരണം.

തിരുവനന്തപുരം:കേരളം അതിജീവിച്ച മഹാപ്രളയത്തിന് ശേഷം ഇതിന്‍റെ കാരണങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ ശക്തമാവുകയാണ്. കെഎസ്ഇബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എം.എം മണി. കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നാണ് എം.എം മണി പറഞ്ഞത്. മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. ഡാം തുറക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും എടുത്തിരുന്നു. തന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

ലാഭം ലക്ഷ്യമിട്ട് കെഎസ്ഇബി ഡാമുകള്‍ അവസാന നിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.