ബസില്‍ നിന്ന് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവം: ക്ലീനറെ ചോദ്യം ചെയ്തു

വടകര: ഇറങ്ങുന്നതിനെ മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കോഴിക്കോട് ഇരിങ്ങലിൽ ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ക്ലീനറെ ചോദ്യം ചെയ്ത് വിട്ടയച്ചു. പരിക്കേറ്റ ദിവ്യ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങവേയാണ് എരഞ്ഞാറ്റിൽ ദിവ്യ സ്വകാര്യ ബസ് ജീവനക്കാരുടെ ആശ്രദ്ധയും മല്‍സരയോട്ടവും ഉണ്ടാക്കിയ അപകടത്തിൽപ്പെട്ടത്. സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുന്പ് ബസ് മുന്നോട്ട് എടുത്തു. തുടര്‍ന്ന് ദിവ്യ വീഴുകയായിരുന്നു. ബസ് നിര്‍ത്താതെ പോയെന്നും പരാതിയുണ്ട്.

ദിവ്യയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് ക്ലീനര്‍ കൂത്തുപറമ്പ് സ്വദേശി ഹരിദാസനെ പയ്യോളി പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ തങ്ങളുടെ ബസില്‍ ദിവ്യയും കുടുംബവും സഞ്ചരിച്ചിട്ടില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അറിയിച്ചാലുടന്‍ ഹാജറാകണമെന്ന വ്യവസ്ഥയില്‍ ഹരിദാസനെ പോലീസ് വിട്ടയച്ചു.

ദിവ്യ ഏഴു മാസം ഗര്‍ഭിണിയാണ്. ഇടിയുടെ ആഘാതത്തിൽ ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ എന്നുള്ള പരിശോധനയിലാണ്. ബസുകളുടെ മത്സര ഓട്ടമാണ് അപകടത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വടകര ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ക്ലീനറെ തിരിച്ചറിയാന്‍ ഹാജരാകണമെന്ന് ദിവ്യയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.