ബംഗളുരു: ദലിത് സമുദായാംഗംമായ യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മുസ്ലിം സ്ത്രീയെ അമ്മയും സഹോദരങ്ങളും അടങ്ങുന്ന സ്വന്തം വീട്ടുകാര്‍ ജീവനോടെ കത്തിച്ചു. കര്‍ണ്ണാടകയിലെ ബീജാപൂരിലെ ഗുണ്ടകാനല ഗ്രമത്തിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 21 വയസുകാരിയായ ബാനു ബീഗത്തിനെ ശനിയാഴ്ച രാത്രിയോടെ ചുട്ടു കൊല്ലുകയായിരുന്നെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാനു ബീഗവും അതേ ഗ്രമവാസിയായ 24 വയസുകാരന്‍ സയബണ്ണ ശരണപ്പയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ക്കുമെന്ന് മനസിലാക്കി ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമാക്കി വെച്ചെങ്കിലും കഴിഞ്ഞ ജനുവരി 22ന് ബാനുവിന്റെ വീട്ടുകാര്‍ ഇത് കണ്ടുപിടിച്ചു. വീട്ടുകാര്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. തങ്ങളുടെ മകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണെന്നും പ്രണയിച്ച യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് തളിക്കോട്ട ഡി.വൈ.എസ്.പി പി.കെ പാട്ടീല്‍ പറഞ്ഞു. രക്ഷിതാക്കള്‍ അന്ന് പരാതി എഴുതി നല്‍കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം ജനുവരി 24ന് ബാനുവും സയബണ്ണയും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗോവയിലേക്ക് രക്ഷപെട്ടു. അവിടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് ജീവിച്ചുവരുന്നതിനിടെ ബാനു ഗര്‍ഭിണിയായി. ഇതോടെ ഇനി നാട്ടിലേക്ക് തിരികെപ്പോയാല്‍ ബന്ധുക്കള്‍ തങ്ങളുടെ വിവാഹം അംഗീകരിക്കുമെന്ന് കരുതി ഇരുവരും കഴിഞ്ഞ ശനിയാഴ്ച തിരിച്ചെത്തുകയായിരുന്നു. രണ്ട് പേരുടെയും വീടുകളില്‍ പോയി ബാനു ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചിട്ടും ബന്ധുക്കളുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഇരുവരുടെയും വീടുകളില്‍ രൂക്ഷമായ വാഗ്വാദവും നടന്നു. സയബണ്ണയെ ഉപേക്ഷിക്കണമെന്ന് ബാനുവിന്റെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സയബണ്ണയുടെ പിതാവും ബന്ധം അവസാനിപ്പിക്കാന്‍ മകനെ നിര്‍ബന്ധിച്ചു. ഇരുവരും ഇതിന് തയ്യാറാവാതെ വന്നതോടെ സയബണ്ണയുടെ പിതാവും ബാനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചു. ശരീരമാസകലം മുറിവേറ്റ അദ്ദേഹത്തെ കല്ലുകള്‍ കൊണ്ട് എറിഞ്ഞും പരിക്കേല്‍പ്പിച്ചു. ഇവരില്‍ നിന്ന് രക്ഷപെട്ട് തളിക്കോട്ട പൊലീസ് സ്റ്റേഷനില്‍ എത്തിയ സയബണ്ണ പൊലീസുകാരുടെ സഹായം തേടി.
പൊലീസുകാരെയും കൂട്ടി ബാനുവിന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും യുവതിയെ ബലമായി പിടിച്ചുവെച്ച് ശരീരത്തില്‍ ബന്ധുക്കള്‍ ചേര്‍ത്ത് തീ കൊളുത്തിയിരുന്നു. തീ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ബാനുവിനെ രക്ഷിക്കാനായി എടുത്തുചാടിയ സയബണ്ണയ്ക്കും പൊള്ളലേറ്റു. പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ച് പത്ത് മിനിറ്റിനകം രണ്ട് പൊലീസുകാര്‍ ബാനുവിന്റെ വീട്ടിലെത്തിയെന്നും എന്നാല്‍ അപ്പോഴേക്കും അവരുടെ മരണം സംഭവിച്ചുകഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. അലറിവിളിച്ച് സഹായം തേടിയിട്ടും അയല്‍വാസികളൊന്നും അതിന് ചെവികൊടുത്തില്ലെന്ന് സയബണ്ണ പറയുന്നു. പെണ്‍കുട്ടി വലിയ തെറ്റ് ചെയ്തെന്ന വിശ്വാത്തിലാണ് അവരും നിലകൊള്ളുന്നതെന്നും കതകടച്ച് വീട്ടിലിരിക്കുകയല്ലാതെ ഒരാള്‍ പോലും സഹായത്തിന് മുതിര്‍ന്നില്ലെന്നും സയബണ്ണ പൊലീസിനോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്നും കേസിലെ അന്വേഷണത്തോട് സഹകരിക്കില്ലെന്നുമാണ് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞത്.
ബാനുവിന്റെ അമ്മ, സഹോദരന്‍, സഹോദരി, സയബണ്ണയുടെ പിതാവ് എന്നിവരെ ഞായറാഴ്ച കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അഗ്നിക്കിരയാക്കുന്നതിന് മുമ്പ് ബാനുവിനെ വീട്ടുകാര്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ബാനുവിന്റെ രണ്ട് മുതിര്‍ന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും ഒളിവിലാണ്.
