ഭാര്യയെ കുറ്റപ്പെടുത്തിയാണ് വീഡിയോ

മുംബൈ: ഗര്‍ഭിണിയായ ഭാര്യ ഉപേക്ഷിച്ചു പോയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. അമിത് രതന്‍ഷി പോക്കര്‍ എന്ന 25കാരനാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അയച്ചതിന് ശേഷമായിരുന്നു ആത്മഹത്യ.

ഭാര്യയെ കുറ്റപ്പെടുത്തിയാണ് വീഡിയോ. ഭാര്യ ഒളിച്ചോടാന്‍ കാരണം തനിക്കറിയില്ലെന്നും തന്‍റെ കുറ്റം കൊണ്ടല്ല അവള്‍ ഒളിച്ചോടിയതെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതില്‍ അച്ഛനും അമ്മയും ക്ഷമിക്കണമെന്നും വീഡിയോയില്‍ പറയുന്നു.

ഏഴ് മാസം മുമ്പാണ് ഗര്‍ഭിണിയായ യുവതി ഇയാളെ ഉപേക്ഷിച്ച് പോയത്. എന്നാല്‍ ഭാര്യയെ കാണാനില്ലെന്ന പരാതി കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബ വഴക്കാകാം മരണകാരണമെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാവിന്‍റെ മരണത്തില്‍ റെയില്‍വേ പൊലീസും കേസെടുത്തിട്ടുണ്ട്.