സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയെ പോലും വെറുതെവിടാതെ ഗോസംരക്ഷണക്കാര്‍ അഴിഞ്ഞാടുന്‌പോള്‍ ബിജെപി സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണെന്ന് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബനാസ്‌കന്ത ജില്ലയിലെ കര്‍ജയിലാണ് സംഭവം. സംഗീത റണവാസിയ എന്ന ഇരുപത്തിയഞ്ച്കാരിക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിലേഷ് റണവാസിയ അടക്കം അഞ്ചുപേര്‍ക്കെതിരെയും ആക്രമണമുണ്ടായി. ഇവരെല്ലാം പലന്‍പുര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ഗര്‍ഭിണിയായ സംഗീതയുടെ വയറിന് പരിക്കേറ്റിട്ടുണ്ട്. സംഗീത ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. വദര്‍ബാര്‍ സമുദായത്തില്‍പെട്ട ആളുകളാണ് അക്രമത്തിന് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബട് വര്‍സിന്‍ ചൗഹാന്‍ എന്നയാള്‍ പശുവിന്റെ ജഡം നീക്കിത്തരണമെന്ന് നിലിഷിനോടും സംഗീതയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ആ ജോലി ഇനി ചെയ്യില്ല എന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നു. കേന്ദ്രത്തിലും സംസ്ഥാത്തും ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഗോസംരക്ഷണസമിതിക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി കുറ്റപ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് കര്‍ജയില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പശുവിന്റെ ജഡം നീക്കാത്തതിനെ തുടര്‍ന്ന് ഉനയില്‍ ദളിതുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് കര്‍ജയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
