കൊല്ലം: ഓയൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്ക് മുമ്പില്‍ സത്യഗ്രഹമിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ െവെകിട്ട് മൂന്നോടെയാണു കോട്ടയം കുമരകം സ്വദേശിനിയായ യുവതി ജങ്ഷനിലെ ജുവലറിക്ക് മുമ്പില്‍ സത്യഗ്രഹമിരുന്നത്. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും യുവതി ആരോപിച്ചു.

ജൂവലറി ഉടമ ചെലവിന് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് ഓയൂര്‍ ജങ്ഷനിലെ ജൂവലറിയില്‍ യുവതിക്ക് ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് സ്ത്രീതൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

പിന്നീട് യുവതിയെ കടയുടമ എഴുകോണ്‍ നെടുമ്പായിക്കുളത്തുള്ള കുടുംബ വീട്ടിലേക്ക് മാറ്റിയെന്ന് പോലീസ് അറിയച്ചു. തന്നെ വീട്ടില്‍ പൂട്ടിയിട്ടതായി യുവതി പോലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി അവരെ മോചിപ്പിക്കുകയും കടയുടമയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കടയുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.