തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രേം നസീർ നിര്‍മിച്ചു നല്‍കിയ വായനാശാല കത്തിനശിച്ചു . മൂന്നുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഗ്രന്ഥശാല അധികൃതര്‍ അറിയിച്ചു. സാമൂഹ്യവിരുദ്ധരണോ തീയിട്ടതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രേം നസീര്‍ തന്നെ തറക്കല്ലിട്ട് സാമ്പത്തിക സഹായം നല്‍കി നിര്‍മിച്ച ചിറയിന്‍കീഴ് കൂന്തള്ളൂരിലെ ഗ്രന്ഥശാലയാണ് പുലര്‍ച്ചെ ഒരുമണിയോടെ കത്തിനശിച്ചത്. പതിനായിരത്തിലധികം വരുന്ന പുസ്തകങ്ങളും കായിക ഉപകരണങ്ങളും കത്തിനശിച്ചു. തീയും പുകയും ഉയരുന്നതുകണ്ടവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കെട്ടിടം കത്തിച്ചതാണെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.
ഗ്രന്ഥശാല അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയിൽ തന്നെ ഡിജിറ്റൽ ലൈബ്രറിയും, ഡിജിറ്റൽ ഫിലിം ക്ലബും തുടങ്ങണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട് .
