പ്രേമം സിനിമ ചോര്‍ത്തിയവരെ കണ്ടെത്തിയിട്ട് 10 മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ ആന്റി പൈറസി സെല്ലിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളും തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും പൊലീസ് പറയുന്നു. കൊല്ലത്തുനിന്നും പിടികൂടിയ വിദ്യാര്‍ത്ഥിയാണ് കേസിലെ ഒന്നാം പ്രതി. ചിത്രം പ്രചരിപ്പിച്ച വഴി കോടതിയില്‍ വ്യക്തമാക്കണമെങ്കില്‍ ഇനിയും സാക്ഷിമൊഴികള്‍ ആവശ്യമാണ്. ചിത്രം പ്രചരിപ്പിച്ച 25 പേരെയുടെ രസഹ്യമൊഴി ഇതിനായി രേഖപ്പെടുത്തി. സിനിമ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ച എല്ലാവരെയും അറസ്റ്റു ചെയ്യുക പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഇവില്‍ നിന്നും കണ്ടെത്തിയ മൊബൈലിന്റെയും ലാപ് ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. ഫോറന്‍സിക് ഫലം വൈകുന്നതിനാല്‍ കുറ്റപത്രം നല്‍കലും വൈകും. രജ്ഞിത്തിന്റെ പുതിയ സിനിമ ലീല വിവിധ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനായി റിസിസ് ചെയ്ത സിനിമ പ്രിന്റുകളാണ് മോഷ്ടിച്ച് വിവിധ സൈറ്റുകളിലുള്ളത്. ഓണ്‍ലൈനില്‍നിന്നും സിനിമ പകര്‍ത്തുന്നത് തടയാന്‍ അണിയറ പ്രവര്‍ത്തകര്‍ കരാര്‍ നല്‍കിയിരുന്ന സ്വകാര്യ ഏജന്‍സിക്കും ഗുരുതവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.