തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകളെ മാതൃകയാക്കി മുസ്‌ലിം സമുദായത്തിലും വിവാഹപൂര്‍വ്വ കൗണ്‍സലിംഗുകള്‍ ആരംഭിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വിവാഹ മോചനങ്ങളും കുടുംബ ശൈഥില്യങ്ങള്‍ക്കും പരിഹാരം എന്ന നിലയിലാണ് യുവതീ യുവാക്കള്‍ക്കായി മഹല്ലുകള്‍ കേന്ദ്രീകരിച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗുകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യത്തെ ഇത്തരത്തിലുള്ള കൗണ്‍സലിംഗ് സംവിധാനം കോഴിക്കോട് പാളയത്തെ മുഹയുദ്ദീന്‍ പള്ളിയില്‍ നിലവില്‍ വന്നു. മുസ്ലിം സമുദായത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളുടെ കാരണങ്ങളും പരിഹാരവും അന്വേഷിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ സോഷ്യോളജി വകുപ്പുമായി സഹകരിച്ച് നടത്തിയ പഠനത്തിനു ശേഷമാണ് മുഹ്‌യുദ്ദീന്‍ പള്ളി ഭാരവാഹികള്‍ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്വാളിറ്റി ലൈഫ്' എന്ന സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ എന്‍.പി ഹാഫിസ് മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കോഴിക്കോട് പാളയത്തെ മുഹയുദ്ദീന്‍ പള്ളിയില്‍ നടന്ന കൗണ്‍സലിംഗ് പരിപാടിയുടെ ആദ്യ ബാച്ചില്‍ 31 യുവതിയുവാക്കള്‍ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു ക്ലാസിനെത്തിയവരില്‍ ഭൂരിഭാഗവും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പള്ളിയ്ക്കുള്ളില്‍ മറയില്ലാതെ ഒരുമിച്ചിരുന്നു തന്നെയാണ് ക്ലാസുകളില്‍ പങ്കെടുത്തത്. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ മാത്രം വ്യവസ്ഥാപിതമായി നിലനില്‍ക്കുന്ന നിര്‍ബന്ധിത വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് സംവിധാനം, വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിം സമുദായവും ഏറ്റെടുക്കുകയാണ്.
കാലിക്കറ്റ് സര്‍വകലാശാലയുടെ സോഷ്യോളജി വകുപ്പുമായി സഹകരിച്ച് കോഴിക്കോട് നഗരപരിധിയില്‍ രണ്ട് സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് സര്‍വ്വേ നടത്തിയും വിവരങ്ങള്‍ ശേഖരിച്ചും കണ്ടെത്തിയ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടെ 30 ശതമാനത്തോളം വര്‍ദ്ധനവാണ് വിവാഹ മോചനങ്ങളുടെ എണ്ണത്തില്‍ വന്നിട്ടുള്ളതെന്ന് പഠനത്തില്‍ കണ്ടെത്തി. അതിലുമപ്പുറം, വിവാഹം നിശ്ചയിച്ച് ഉറപ്പിക്കുകയോ നിക്കാഹ് നടക്കുകയോ ചെയ്യുന്ന ബന്ധങ്ങളില്‍ വലിയൊരു ശതമാനവും ഒരുമിച്ച് ജീവിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ പിരിയുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുതയും പുറത്തുവന്നു. യാഥാര്‍ത്ഥ്യ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത സംസാരങ്ങളും പെരുമാറ്റവും ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാനാവില്ലെന്ന കടുംപിടുത്തവുമൊക്കെ വിവാഹത്തിന് മുമ്പ് തന്നെ പിരിയുന്ന സ്ഥിതിയിലേക്കാണ് യുവതിയുവാക്കളെ എത്തിക്കുന്നത്. ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി വകുപ്പ് കോഴ്‌സ് കോര്‍ഡിനേറ്ററായ എന്‍.പി ഹാഫിസ് മുഹമ്മദിനെ ഡയറക്ടറായി നിശ്ചയിച്ച് വിപുലമായ പാഠ്യപദ്ധതി തയ്യാറാക്കാന്‍ മഹല്ല് തീരുമാനമെടുക്കകയായിരുന്നു.
വിവാഹം എന്ത്? എങ്ങനെ എന്നു തുടങ്ങി അതിന്റെ മതപരവും നിയമപരവുമായ കാഴ്ചപ്പാടും മുതല്‍ ഫലപ്രദമായ ആശയവിനിമയം, ശീരീരിക ബന്ധം, ഗര്‍ഭധാരണം, ശിശുപരിപാലനം, ഭാര്യയുടെ/ ഭര്‍ത്താവിന്റെ കുടുംബവുമായുള്ള ഇടപെടല്‍, സാമ്പത്തിക തലങ്ങള്‍, വിവാഹശേഷമുള്ള സൗഹൃദങ്ങള്‍, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ എന്നിങ്ങനെ ഏതാണ്ടെല്ലാ തലങ്ങളും സ്പര്‍ശിക്കുന്ന സിലബസാണ് തയ്യാറാക്കിയതെന്ന് എന്‍.പി ഹാഫിസ് മുഹമ്മദ് പറയുന്നു. വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദരെ ഉള്‍ക്കൊള്ളിച്ച് 60 മണിക്കൂര്‍ നീണ്ട ക്ലാസുകള്‍ നല്‍കി.
ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഹല്ല് ജമാഅത്തുകളും സ്ഥാപനങ്ങളും ഇത്തരമൊരു പാഠ്യപദ്ധതിയുടെ വിശദാംങ്ങളും ഇത് നടപ്പാക്കുന്നതിന്റെ പ്രയോഗിക സാധ്യതകളും തേടിയെത്തുന്നുവെന്ന് എന്‍.പി ഹാഫിസ് മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. പൊതുവെ വിവിധ മതസംഘടനകള്‍ നേതൃത്വം നല്‍കുന്ന വടക്കന്‍ കേരളത്തിലെ പള്ളി മഹല്ലുകളില്‍ മത സംഘടനകളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ഭാവി. എന്നാല്‍ അല്‍പമെങ്കിലും പൊതുസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന തെക്കന്‍ കേരളത്തില്‍ ഇത് എളുുപ്പത്തില്‍ നടപ്പാകാനാണ് സാധ്യത.
ക്രിസ്ത്യന്‍ സഭകളുടെ മാതൃകയില്‍ വിവാഹത്തിന് മുമ്പ് ഇത്തരമൊരു കൗണ്‍സിലിങ് സെഷനില്‍ പങ്കെടുത്തിരിക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശം മുസ്ലിം മഹല്ലുകളും നടപ്പാക്കണമെന്നാണ് എന്‍.പി ഹാഫിസ് മുഹമ്മദിനെപ്പോലുള്ളവര്‍ ആവശ്യപ്പെടുന്നത്.
