രണ്ടു മാസത്തിനു ശേഷം കേന്ദ്രം പുതിയ ഗവർണ്ണറെ നിയമിച്ചേക്കുമെന്നാണ് സൂചനകള്‍
ശ്രീനഗര്: കശ്മീരിൽ ഗവര്ണര് ഭരണം ഏര്പ്പെടുത്തി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടു മാസത്തിനു ശേഷം കേന്ദ്രം പുതിയ ഗവർണ്ണറെ നിയമിച്ചേക്കുമെന്നാണ് സൂചനകള്. ഇതിനിടെ പുതിയ സർക്കാരിന് ശ്രമിക്കുമെന്ന സൂചന നല്കി ഉപമുഖ്യമന്ത്രി കവീന്ദര് ഗുപത രംഗത്തെത്തിയത് വിവാദമായി.
പെട്ടെന്ന് തന്നെ ഒരു ബദല് സര്ക്കാര് ഉണ്ടാകുമോ എന്ന കാര്യത്തില് അനിശ്ചിതത്വം നിലനില്ക്കുന്നുണ്ട്. മെഹബൂബ മുഫ്തി രാജിവെച്ചതിന് തൊട്ടുപിന്നാലെ ഗവര്ണര് ഭരണം ഏര്പ്പെടുത്തണം എന്ന ശുപാര്ശ കേന്ദ്രം രാഷ്ട്രപതിക്ക് നല്കിയിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി സംസാരിച്ചതില് നിന്ന് പുതിയ സര്ക്കാര് രൂപീകരണത്തിന് സാധ്യതയില്ല എന്ന് കണ്ടതിനെ തുടര്ന്നായിരുന്നു ശുപാര്ശ.
വിദേശത്തുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടിയന്തരമായി ഇതിന് അംഗീകാരം നല്കി. ഇതിനിടെ ബിജെപി നേതാവും മുന് ഉപമുഖ്യമന്ത്രിയുമായ കവീന്ദര് ഗുപ്ത ബദൽ സർക്കാരിന് നീക്കമുണ്ട് എന്ന സൂചന നല്കി രംഗത്തു വന്നു. തൊട്ടു പിന്നാലെ നാഷണല് കോണ്ഫറന്സ് നേതാവ് ഉമര്അബ്ദുള്ളയുടെ പ്രതികരണമെത്തി. മറ്റ് പാര്ട്ടികളെ പിളര്ത്തുമെന്നാണോ കവീന്ദര് ഗുപ്ത ഉദ്ദേശിക്കുന്നതെന്ന് ഒമർ അബ്ദുള്ള ചോദിച്ചു. കഴിഞ്ഞ പത്ത് വര്ഷമായി ഗവര്ണര്സ്ഥാനത്തുള്ള എൻ എന് വോറയുടെ കാലാവധി ഈ മാസം 28 ന് കഴിയും.
82 വയസ്സുള്ള വോറയക്ക് ഒരു ടേം കൂടി കേന്ദ്രസര്ക്കാര് നല്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത്രയും അനുഭവസമ്പത്തുള്ള വോറെയ നിലനിര്ത്തുകയാണ് വേണ്ടതെന്ന് ബിജെപിയിലെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാൽ അമർനാഥ് യാത്രയ്ക്കു ശേഷം പുതിയ ഗവർണ്ണർ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുന് കരസേനാ മേധാവി ദല്ബീന്ദര് സിംഗ് സുഹാഗ്, കശ്മീരില് മധ്യസ്ഥ ചര്ച്ചക്ക് നിയോഗിച്ചിട്ടുള്ള പ്രത്യേകദൂതന് ദിനേശ്വര് ശര്മ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
