തിരുവനന്തപുരം: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം ടെക്നോസിറ്റിക്ക് രാഷ്‌ട്രപതി തറക്കല്ലിടും. രാഷ്‌ട്രപതിയായി ചുമതലയേറ്റശേഷം രാംനാഥ് കോവിന്ദിന്റെ രണ്ടാം കേരള സന്ദര്‍ശനം. ഇന്നുച്ചയ്‌ക്കെത്തുന്ന രാഷ്‌ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

പള്ളിപ്പുറം ടെക്നോ സിറ്റി ശിലാസ്ഥാപനമാണ് ആദ്യ പരിപാടി.വൈകീട്ട് അഞ്ച് അന്‍പതിന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തും. ശേഷം ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൗര സ്വീകരണം. രാത്രി എട്ടിന് രാജ്ഭവനില്‍ ഗവര്‍ണര്‍ അത്താഴവിരുന്നൊരുക്കും. ശനിയാഴ്ച രാവിലെ 9.45ന് പ്രത്യേക വിമാനത്തില്‍ രാഷ്‌ട്രപതി കൊച്ചിയിലേക്ക്.

രാഷ്‌ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഗതാഗത നിയന്ത്രണവുമുണ്ട്. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ ചാക്ക,ആക്കുളം പേട്ട, പാറ്റൂര്‍, വെളളയമ്പലം വഴുതക്കാട് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ദേശീയപാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടും.ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ മൂന്നുമുക്കില്‍ നിന്ന് വെഞ്ഞാറമൂട് വഴിയും. ചെറു വാഹനങ്ങള്‍ പോത്തന്‍കോട് വഴിയും തിരിച്ചു വിടും.