ഇന്നാണ് ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. കേസ് ഇന്ന് തന്നെ പരിഗണിയ്ക്കണമെന്നും ഹൈക്കോടതിവിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ പത്തരയ്ക്ക് കോടതി നടപടികൾ തുടങ്ങിയപ്പോൾത്തന്നെ അറ്റോർണി ജനറൽ മുകുൾ റോത്തഗി അപ്പീൽ സുപ്രീംകോടതിയിൽ ഉന്നയിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അവധിയായതിനാൽ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്‍ജിയായ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ വേണമെന്നും അറ്റോർണി ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ചീഫ് ജസ്റ്റിസും രജിസ്ട്രാർ ജനറലുമാണ് കേസ് എപ്പോൾ പരിഗണിയ്ക്കണമെന്ന് തീരുമാനിയ്ക്കേണ്ടതെന്നും ചീഫ് ജസ്റ്റിസിന്‍റെ അഭാവത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ രജിസ്ട്രാർ ജനറലിനെ സമീപിയ്ക്കാനും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ കേന്ദ്രസർക്കാർ ഇക്കാര്യമുന്നയിച്ച് രജിസ്ട്രാർ ജനറലിന് അപ്പീൽ നൽകും. അപ്പീൽ പരിശോധിയ്ക്കുന്ന രജിസ്ട്രാർ ജനറൽ ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തിയ ശേഷം ഹർജി ഇന്ന് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഹരീഷ് റാവത്ത് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും ബജറ്റ് നിയമസഭ പാസ്സാക്കിയിട്ടില്ലെന്നും അപ്പീലിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഭരണപ്രതിസന്ധിയുള്ളതിനാലാണ് 356 ആം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്നും സർക്കാർ പറയുന്നുണ്ട്.
