ലിഗയുടെ മരണത്തിന്‍റെ പേരില്‍ കേരളത്തെ ആരും കുറ്റപ്പെടുത്തേണ്ടതില്ല ലിഗയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ സഹായവും പിന്തുണയുമാണ് ജനങ്ങളില്‍ നിന്നുണ്ടായത് ലോകത്തെവിടെ നിന്നും ഇത്രയും സ്നേഹവും നന്മയും പ്രതീക്ഷിക്കാനാവില്ല

തിരുവനന്തപുരം:കോവളത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ലാത്വിയിന്‍ വനിത ലിഗയെ കൊന്നതാണെന്ന ആരോപണത്തില്‍ ഉറച്ച് സഹോദരിയും ഭര്‍ത്താവും. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാവില്ല. ആരോ ലിഗയെ ഇവിടെ എത്തിച്ചതാവാം. ഇക്കാര്യം വ്യക്തമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ലിഗയുടെ സഹോദരി ഇലീസ് ചൂണ്ടിക്കാട്ടി. 

ലിഗ വിഷക്കായ കഴിച്ചെന്ന നിഗമനം തള്ളിക്കളഞ്ഞ ഇല്ലിസി സഹോദരിയുടെ തിരോധനം അന്വേഷിക്കുന്നതില്‍ ഗുരുതരമായ പാളിച്ചയാണ് പോലീസില്‍ നിന്നുണ്ടായതെന്നും ആരോപിച്ചു. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. സഹോദരിയെ കാണാതായി പത്ത് ദിവസം കഴിഞ്ഞ ശേഷമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് തന്നെ കുറച്ചു നേരത്തെ ഇക്കാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷേ എന്‍റെ സഹോദരിയെ ജീവനോടെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ഇല്ലീസ് പറയുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രു പറഞ്ഞു. ലിഗയുടെ മരണത്തിന്‍റെ പേരില്‍ കേരളത്തെ ആരും കുറ്റപ്പെടുത്തേണ്ടതില്ല. ലോകത്തെവിടെയും ഇതു സംഭവിക്കാം. ലിഗയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ സഹായവും പിന്തുണയുമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. ലോകത്തെവിടെ നിന്നും ഇത്രയും സ്നേഹവും നന്മയും പ്രതീക്ഷിക്കാനാവില്ല. ലിഗ അവസാനമണിക്കൂറുകള്‍ ചിലവിട്ട തിരുവല്ലം മേഖലയിലെ ജനങ്ങള്‍ക്ക് മരണം സംബന്ധിച്ച എന്തെങ്കിലും തെളിവുകളോ വിവരങ്ങളോ ലഭിക്കുകയാണെങ്കില്‍ പോലീസിന് കൈമാറണമെന്നും ആന്‍ഡ്രു അഭ്യര്‍ത്ഥിച്ചു.