Asianet News MalayalamAsianet News Malayalam

ഹില്ലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം

Pressure on FBI to release Hillary emails
Author
Washington, First Published Oct 30, 2016, 10:42 PM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്റെ വിവാദമായ ഇമെയിൽ സന്ദേശങ്ങൾ പുറത്തുവിടാൻ എഫ്ബിഐ ഡയറക്ടർ ജേയിംസ് കോമിക്ക് മേൽ കടുത്ത സമ്മർദ്ദം. ഇ-മെയിലുകൾ സംബന്ധിച്ച എല്ലാവിവരവും വോട്ടർമാർക്ക് അറിയാൻ അവകാശമുണ്ടെന്നും അവ വെളിപ്പെടുത്തണമെന്നും ഫ്ലോറിഡയിലെ റാലിയിൽ ഹില്ലരി ആവശ്യപ്പെട്ടു.

വോട്ടെടുപ്പിനു എട്ട് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഹില്ലരിയുടെ ഇ-മെയിൽ വിവാദത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയുടെ നീക്കത്തിൽ പരക്കെ എതിർപ്പുയര്‍ന്നിരുന്നു. പുതിയ ഇ-മെയിലുകൾ കണ്ടെത്തിയെന്ന കാര്യം യുഎസ് കോൺഗ്രസിനെ അറിയിക്കരുതെന്നു ജസ്റ്റീസ് ഡിപ്പാർട്ടുമെന്റ് കോമിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതു വകവയ്ക്കാതെ കോമി മുന്നോട്ടു നീങ്ങുകയായിരുന്നു.

വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് പുതിയ ഇ-മെയിലുകൾ സംബന്ധിച്ച കാര്യം അറിയിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ വസതിയിൽ സ്വകാര്യ ഇ-മെയിൽ സർവർ വച്ച ഹില്ലരിയുടെ നടപടി ഏറെ വിവാദമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഹില്ലരിക്കെതിരേ കേസെടുക്കാൻ വിസമ്മതിച്ച കോമി വോട്ടെടുപ്പ് അടുത്ത അവസരത്തിൽ പുതിയ ഇ-മെയിൽ വിവാദത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടതാണ് പ്രശ്നമായത്.

അഭൂതപൂർവവും രാഷ്ട്രീയ ലാക്കോടെയുള്ളതുമായ നീക്കമാണ് എഫ്ബിഐയുടേതെന്ന് ഹില്ലരി ക്യാമ്പ് ആരോപിച്ചു. ഇ-മെയിലുകൾ സംബന്ധിച്ച എല്ലാവിവരവും വോട്ടർമാർക്ക് അറിയാൻ അവകാശമുണ്ടെന്നും അവ വെളിപ്പെടുത്തണമെന്നും ഫ്ലോറിഡയിലെ റാലിയിൽ ഹില്ലരി പറഞ്ഞു. ഇതേസമയം, ഡെമോക്രാറ്റ് സ്‌ഥാനാർഥിയെ സംരക്ഷിക്കാൻ ജസ്റ്റീസ് ഡിപ്പാർട്ടുമെന്റ് ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ഫീനിക്സിലെ റാലിയിൽ പ്രസംഗിച്ച ട്രംപ് ഇലക്ഷൻ ക്രമക്കേടിന്റെ ഒരുദാഹരണമാണിതെന്നു പറഞ്ഞു.

ഹില്ലരിയുടെ പേരു കേട്ടപ്പോൾ തന്നെ റാലിക്കെത്തിയ ജനക്കൂട്ടം അവരെ ജയിലിലിടുക എന്ന് ആക്രോശിച്ചു. പുതിയ ഇ-മെയിൽ വിവാദത്തിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്നു ഹില്ലരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിംഗ്ടൺ പോസ്റ്റ് സർവേയിൽ വ്യക്‌തമായി. ഹില്ലരിക്ക് 46 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ ട്രംപിനു 45 ശതമാനം പേരുടെ പിന്തുണയുണ്ട്. ഒരാഴ്ച മുമ്പ് ഹില്ലരിക്കു 12 പോയിന്റിന്റെ ലീഡുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios