ഒമാനില്‍ അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കമായി. രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പയിന്‍ ഈ മാസം പതിനാറിന് അവസാനിക്കും.

അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് പതിനെട്ടു ലക്ഷം പേര്‍ക്ക് നല്‍കുവാനാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം ലക്ഷ്യം വെച്ചിരിക്കുന്നത്.

ദോഫാര്‍, അല്‍ വുസ്ത എന്നി ഗവര്‍ണറേറ്റുകളില്‍ മെയ് മാസം പതിനാലിന് ആരംഭിച്ചു ഇരുപതിന് അവസാനിച്ച ഒന്നാംഘട്ട ക്യാംപെയ്‌നില്‍ രണ്ടു ലക്ഷം പേര്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചു കഴിഞ്ഞു.

ഈ രണ്ടാം ഘട്ടത്തില്‍ പതിനാറു ലക്ഷം പേരെയാണ് മറ്റു ഗവര്‍ണറേറ്റുകളില്‍ നിന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ രാജ്യത്തെ പൂര്‍ണമായും അഞ്ചാംപനിയില്‍ നിന്ന് വിമുക്തമാക്കുമെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോ: സേഫ് അല്‍ ആബ്‌റി പറഞ്ഞു.

20 മുതല്‍ 35 വയസ് വരെ പ്രയാമുള്ള സ്വദേശികളും, ഒപ്പം വിദേശികളായ സ്ഥിര താമസക്കാരും, അഞ്ചാംപനി, മീസില്‍സ്, മുണ്ടിനീര് എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെയ്പ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്നു ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വയ്ക്തമാക്കി.

രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവെപ്പ് ലഭ്യമാകും. രാജ്യത്തു രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് പ്രതിരോധ കുത്തിവെപ്പ് ക്യാംപയിന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കിയത്.