പൂനെ: ജീവിതം തിരിച്ച് നല്‍കാന്‍ കൈതാങ്ങായ പ്രധാനമന്ത്രിയെ കാണാന്‍ ആറ് വയസുകാരി വൈശാലിയത്തി. പൂനെയില്‍ വെച്ചായിരുന്നു പ്രധാനമന്ത്രിയുമായുള്ള വൈശാലി യാദവിന്‍റെ ഹൃദ്യമായ കൂടിക്കാഴ്ച. ചിരിച്ചു കൊണ്ട് തനിക്കൊപ്പം നില്‍ക്കുന്ന വൈശാലിയുടെ ചിത്രം പ്രധാനമന്ത്രി തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.

ഹൃദയ ശസ്ത്രക്രിയക്ക് സഹായമാവശ്യപ്പെട്ട് ആറ് വയസുകാരി വൈശാലി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കത്ത് ലഭിച്ച ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. പൂനെ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട ശേഷം ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പ് വൈശാലിയുടെ ശസ്ത്രക്രിയ പൂനെയിലെ സിറ്റി ആശുപത്രിയില്‍ നടന്നു. 

ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്കുള്ള തിരിച്ചു വരവിലാണ് വൈശാലിയിപ്പോള്‍. കഴിഞ്ഞ വര്‍ഷമാണ് വൈശാലിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. 

വൈശാലിയുടെ സൈക്കിളും മറ്റും വിറ്റാണ് മരുന്നിനുള്ള പണം മാതാപിതാക്കള്‍ കണ്ടെത്തിയത്. വൈശാലിയുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. തികച്ചും സൗജന്യമായായിരുന്നു ശസ്ത്രക്രിയ നടന്നത്.