ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരാണ് പൂജാരിയെ ആശുപത്രിയിലെത്തിച്ചത്.
കായംകുളം: പൂജാരിയെ ക്ഷേത്രത്തിനുള്ളില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള പത്തിയൂര്‍ കിഴക്ക് കുറ്റികുളങ്ങരയിലെ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിലെ പൂജാരി കൃഷ്ണന്‍ നമ്പൂതിരിയെ ആണ് മർദ്ദനെത്തെ തുടർന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പത്തിയൂര്‍ കിഴക്ക് ശ്രീദുര്‍ഗ്ഗയില്‍ വിനോദ് ബാബുവിനെതിരെ കരീലക്കുളങ്ങര പോലീസ് കേസ്സെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ക്ഷേത്ര തിടപ്പള്ളിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ ക്ഷേത്രത്തില്‍ എത്തിയ ബാബു തിടപ്പള്ളിയുടെ താക്കോല്‍ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.
എന്നാൽ താക്കോല്‍ ദേവസ്വം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന് താൻ പറഞ്ഞതോടെ പ്രകോപിതനായ ബാബു തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൂജാരി പറയുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരാണ് പൂജാരിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.
