Asianet News MalayalamAsianet News Malayalam

സെമിനാരി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മൂകരായതെന്ത്? സഭാ നേതൃത്വത്തിന് തുറന്ന കത്തുമായി വൈദീകന്‍

ജലന്ധര്‍ ബിഷപ്പിനെതിരായ പ്രതിഷേധം കനക്കുന്നതിനിടയില്‍ സഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് വൈദികന്‍. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന വൈദികരുടെയും സന്യാസിനികളുടെയും തെരുവ് പ്രതിഷേധത്തോട് സഭാ നേതൃത്വത്തിന് പുറംതിരിക്കാനാവില്ലെന്ന് കത്തോലിക്കാ ദേശീയ വാരികയായ ഇന്ത്യൻ കറൻറ്സിന്റെ എഡിറ്ററും വൈദീകനുമായ ഡോ. സുരേഷ് മാത്യു വിശദമാക്കി. 

priest open letter criticising church stand in jalandhar issue
Author
New Delhi, First Published Sep 12, 2018, 7:41 PM IST


ദില്ലി: ജലന്ധര്‍ ബിഷപ്പിനെതിരായ പ്രതിഷേധം കനക്കുന്നതിനിടയില്‍ സഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് വൈദികന്‍. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന വൈദികരുടെയും സന്യാസിനികളുടെയും തെരുവ് പ്രതിഷേധത്തോട് സഭാ നേതൃത്വത്തിന് പുറംതിരിക്കാനാവില്ലെന്ന് കത്തോലിക്കാ ദേശീയ വാരികയായ ഇന്ത്യൻ കറൻറ്സിന്റെ എഡിറ്ററും വൈദീകനുമായ ഡോ. സുരേഷ് മാത്യു വിശദമാക്കി. 

ഓരോ ദിവസവും വലിയ രഹസ്യങ്ങളാണ് ഈ വിഷയത്തിൽ അനാവൃതമായി കൊണ്ടിരിക്കുന്നത് സഭയുടെ പ്രതിച്ഛായയെ അത് വല്ലാതെ കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നുവെന്നും ഫാദര്‍ സുരേഷ് മാത്യു ചൂണ്ടിക്കാണിക്കുന്നു. 1990 ആഗസ്ത് 1 ന് ഉത്തര്‍പ്രദേശിലെ ഗജ്റൗളയില്‍ സന്ന്യാസിനികളെ ചിലര്‍ കോണ്‍വെന്റ്ല്‍ അതിക്രമിച്ച് കയറി ലൈംഗീകമായി ഉപദ്രവിച്ച സമയത്ത് ആക്രമണത്തെ അപലപിച്ച് പ്രതിഷേധം നടത്തിയ  മൈനർ സെമിനാരി വിദ്യാർത്ഥികൾ ഇപ്പോള്‍ മൂകസാക്ഷികളായി നില്‍ക്കുകയാണെന്ന് സുരേഷ് മാത്യു പറയുന്നു. 

1990 ൽ കുറ്റക്കാർ അജ്ഞാതരായ പ്രകൃതരായിരുന്നു. ഇന്നോ കുറ്റാരോപിതർ ഒരു മെത്രാനാണ്. 1990ൽ ഇരക്കു നീതി ഉറപ്പു വരുത്താൻ നാം കുറ്റക്കാരെ ഉടനടി അറസ്റ്റു ചെയ്യണം എന്ന് ആവശ്യപ്പെട്ടു; ഇന്നോ, കുറ്റം തെളിയിക്കപെടും വരെ കുറ്റാരോപിതൻ ദോഷിയല്ല എന്ന ന്യായവാദം നിരത്തി നിയമ ശരിയുടെ പക്ഷം പിടിക്കുന്നുവെന്ന് സുരേഷ് മാത്യു കുറ്റപ്പെടുത്തുന്നു. യുക്തിയെ അതിന്റെ തലയ്ക്കൽ നിർത്താനും അവസരത്തിനൊന്നു പാട്ടു പാടാനും നാം പഠിച്ചിരിക്കുന്നു. ഇരയെ കൂടുതൽ വേട്ടയാടാൻ നാം പഠിച്ചിരിക്കുന്നു. ഒരേ സാമയം ഇരയോടൊപ്പം ഓടാനും വേട്ടക്കാരനോടും വേട്ടയാടാനും സാധിക്കുന്ന കലയിൽ നാം പ്രാവീണ്യം നേടിയിരിക്കുന്നുവെന്നും സുരേഷ് മാത്യു അപലപിച്ചു. സഭയിലെ എല്ലാ മെത്രാന്മാർക്കുമായി എഴുതിയ തുറന്ന കത്തിലാണ് പരാമര്‍ശങ്ങള്‍

ഫാ, സുരേഷ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഓരോ ദിവസവും ജലന്ധർ രൂപത വിഷയം പുതിയ വഴിത്തിരിവുകളിലേക്കു നമ്മെ നയിക്കുന്ന സാഹചര്യത്തിൽ എന്റെ ഓർമ്മകൾ 1990 ആഗസ്ത് 1ലേക് പോവുകയാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ഥിതി ചെയ്യുന്ന കപ്പൂച്ചിൻ മൈനർ സെമിനാരി ആയ ജ്യോതിനികേതനിലേ ഞങ്ങളുടെ ക്ലാസ് മുറിയിലേക്ക് ഭാഗ്യസ്മരണാർഹനായ അലക്‌സാണ്ടർ കടുക്കൻമാക്കിൽ അച്ചൻ കടന്നു വന്നു. ജൂലൈ 13ന്, ഉത്തർപ്രദേശിലെ ഗജ്‌റൗളയിലെ സെന്റ് മേരീസ് കോൺവെന്റിൽ ചിലർ അതിക്രമിച്ചു കയറി രണ്ടു യുവ സന്യാസിനികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന വളരെ വേദനാ ജനകവും ഞെട്ടിപ്പിക്കുന്നതുമായ വാർത്ത ഞങ്ങളോട് പറയാനാണ് അദ്ദേഹം വന്നത്.

സന്യസ്തർക്കെതിരെ നടന്ന ഈ അക്രമത്തിൽ പ്രതിഷേധം അറിയിക്കാൻ ഡൽഹിയിലേക്ക് പോകാൻ മിനുട്ടുകൾക്കുള്ളിൽ തയ്യാറാകാൻ അദ്ദേഹം ഞങ്ങളോട് നിർദേശിച്ചു. വാർത്തയുടെ ആഘാതത്തിലും വേദനയിലും ഞങ്ങൾ ഒരു ബസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ ഹൃദയമായ ഇൻഡ്യാ ഗേറ്റിൽ എത്തി, സന്യസ്തർക്കെതിരെ ഉണ്ടായ നിർദ്ദയമായ ആക്രമണത്തെ അപലപിച്ച പ്രതിഷേധത്തിൽ പങ്കുചേർന്നു.

സി. ബി. സി. ഐയുടെ നേതൃത്വത്തിൽ 15,000നു മേൽ ആളുകൾ അവിടെ തടിച്ചു കൂടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ഇരകൾക്കു നീതി ആവശ്യപ്പെടുകയും ചെയ്തു. മൂന്നു കിലോ മീറ്റർ അകലെ പ്രധാന മന്ത്രി വി. പി. സിംഗിന്റെ വസതിയിലേക്ക് ഞങ്ങൾ മാർച്ചു ചെയ്തു. ബാംഗ്ലൂർ ബിഷപ്പും സി.ബി.സി.ഐ പ്രസിഡന്റുമായ അൽഫോൻസ് മത്തിയാസിന്റെ നേതൃത്വത്തിൽ സഭയിലെ സ്ത്രീ സംഘടനകളുടെയും ക്രൈസ്തവ പ്രതിനിധികളുടെയും ഒരു ഡെലിഗേഷൻ പ്രധാന മന്ത്രിക്കു ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.

ഗജ്‌റൗളാ റേപ്പ് കേസ് എന്ന പേരിൽ അന്ന് ദേശീയ തലത്തിൽ വലിയ കോളിളക്കം ഈ സംഭവമുണ്ടാക്കി.

ഇന്നത്തെ സാഹചര്യത്തിലേക്കു വരാം. ‘ബലാത്സംഗ ഇര’ ആയ മറ്റൊരു സന്യാസിനി പീഡിപ്പിക്കപ്പെട്ടു തകർച്ചയുടെ കുഴിയിൽ നിന്ന് ആർത്തു കേഴുമ്പോൾ ഇരുപത്തെട്ടു വർഷങ്ങൾക്കപ്പുറം “പീഡിപ്പിക്കപ്പെട്ട സന്യാസിനിക്ക് നീതി വേണം” എന്ന് അലറി വിളിച്ച മൈനർ സെമിനാരി വിദ്യാർത്ഥികൾ മൂക സാക്ഷികളായി നില്കുന്നു. വത്യാസം ഇതാണ്: 1990 ൽ കുറ്റക്കാർ അജ്ഞാതരായ പ്രകൃതരായിരുന്നു. ഇന്നോ കുറ്റാരോപിതർ ഒരു മെത്രാനാണ്. 1990ൽ ഇരക്കു നീതി ഉറപ്പു വരുത്താൻ നാം കുറ്റക്കാരെ ഉടനടി അറസ്റ്റു ചെയ്യണം എന്ന് ആവശ്യപ്പെട്ടു; ഇന്നോ, കുറ്റം തെളിയിക്കപെടും വരെ കുറ്റാരോപിതൻ ദോഷിയല്ല എന്ന ന്യായവാദം നിരത്തി നിയമ ശരി (legally correct) യുടെ പക്ഷം പിടിക്കുന്നു.

യുക്തിയെ അതിന്റെ തലയ്ക്കൽ നിർത്താനും അവസരത്തിനൊന്നു പാട്ടു പാടാനും നാം പഠിച്ചിരിക്കുന്നു. ഇരയെ കൂടുതൽ വേട്ടയാടാൻ നാം പഠിച്ചിരിക്കുന്നു. ഒരേ സാമയം ഇരയോടൊപ്പം ഓടാനും വേട്ടക്കാരനോടും വേട്ടയാടാനും സാധിക്കുന്ന കലയിൽ നാം പ്രാവീണ്യം നേടിയിരിക്കുന്നു.

ലൈംഗിക കുറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സഭാധികാരികൾക്കു ഉണ്ടായ പരാജയം ആണ് പൊതുവികാരം അണപൊട്ടിയൊഴുകാൻ കാരണമാക്കിയത്: ഫ്രാൻസിസ് പാപ്പ

അയർലണ്ടിലെ സന്ദർശന വേളയിൽ പപ്പാ ഫ്രാൻസിസ് പറഞ്ഞത് നാം മറന്നു: “ലൈംഗിക കുറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സഭാധികാരികൾക്കു ഉണ്ടായ പരാജയം ആണ് പൊതുവികാരം അണപൊട്ടിയൊഴുകാൻ കാരണമാക്കിയത്.” പിന്നീട് ഒരിക്കൽ അദ്ദേഹം വീണ്ടും പറഞ്ഞു: അവയെ (സഭയിലെ വൈദികരുടെ ഭാഗത്തുണ്ടായ ലൈംഗിക കുറ്റങ്ങൾ) കൈകാര്യം ചെയ്യാനുണ്ടായ പരാജയം വേദനയുടെ ഉറവിടവും കത്തോലിക്ക സമൂഹത്തിനു വലിയ നാണക്കേടിന് കാരണവും ആയി.” പാപ്പയുടെ ഈ വാക്കുകൾ ബധിരകർണ്ണങ്ങളിലാണ് പതിച്ചിരിക്കുന്നത് എന്ന് ജലന്ധർ വിഷയത്തിലെ സഭാധികാരികളുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാം.

ഓരോ ദിവസവും വലിയ രഹസ്യങ്ങളാണ് ഈ വിഷയത്തിൽ അനാവൃതമായി കൊണ്ടിരിക്കുന്നതു, അതെ പോലെ തന്നെ സഭയുടെ പ്രതിച്ഛായയെ അത് വല്ലാതെ കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒച്ചിഴയ്ക്കുന്ന വേഗത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ജനപ്രതിനിധികൾ പോലും കുറ്റാരോപിതരായ മറ്റു പല കേസുകളിലും അവർ അത്യന്തം ദ്രുതഗതിയിൽ അന്വേഷണം പൂർത്തിയാക്കിയിരുന്നു. ഇവിടെയാകട്ടെ ‘കുറ്റം തെളിയുന്നതുവരെ ആരോപിതർ നിഷ്കളങ്കരാണ്’ എന്ന സിദ്ധാന്തം ഇരയുടെ വിസ്തരിച്ചുള്ള മൊഴിയെടുപ്പ് നാടകത്തിനു മേൽ മുൻഗണന നേടുന്നു.

നിയമ കുരുക്കുകൾ മാറ്റിവച്ചു സഭ ഈ വിഷയത്തെ ഒരു ധാർമ്മിക പ്രതിസന്ധിയായി കാണണം. ഏതു തരത്തിൽ നോക്കിയാലും ജലന്ധർ രൂപതയിൽ ‘ഭീകരമായ ചില പ്രശ്നങ്ങൾ’ ഉണ്ട്. പീഡിതയായ കന്യാസ്ത്രീയുടെ പരാതിയെ കുറിച്ചുള്ള അറിവിൽ മാത്രമല്ല ഈ ഊഹം. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എന്റെ ദൈവശാസ്ത്ര ഗുരുക്കന്മാർ, സഹപ്രവർത്തകയായ വൈദികർ, രൂപതയിൽ നിന്ന് സന്യാസിനികളും, സന്യാസവൃത്തി ഉപേക്ഷിച്ചു പോയവരും ബിഷപ്പിന്റെ ‘അശുദ്ധമായ പ്രവർത്തി’കളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഈ യാഥാർഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ സഭാധികാരികൾക്കാവുമോ?

അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന വൈദികരുടെയും സന്യാസിനികളുടെയും തെരുവ് പ്രതിഷേധത്തോട് സഭാ നേതൃത്വത്തിന് പുറംതിരിക്കാനാവില്ല. ഒരാളെ രക്ഷിക്കാനുള്ള ശ്രമം സഭക്കാകമാനം ദുരന്തസമാനമായ ഫലങ്ങളായിരിക്കും കൊണ്ടുവരിക. സിസ്റ്റേഴ്സ് കൊച്ചിയിൽ നടത്തിയ ധർണ്ണയിൽ എന്റെ സഹപാഠികളായ കപ്പൂച്ചിൻ വൈദികർ പങ്കെടുത്തിരുന്നു. ഇപ്പോൾ സഭയിൽ നടക്കുന്ന ദുരന്തസമാനമായ സംഭവ വികാസങ്ങളിൽ മനം മടുത്താണ് അവർ അതിനു മുതിർന്നിട്ടുള്ളത്.

കൈവിട്ടു പോകുന്നതിനു മുന്നേ കാര്യങ്ങളെ നേരെ ആക്കണം എന്ന് സഭയിലെ അത്യുന്നത അധികാരികളോട് കടുത്ത നിരാശയോടെ ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങ് അവകാശപ്പെടുന്ന നിഷ്കളങ്കത ന്യായപീഠത്തിനു മുമ്പാകെ തെളിയിക്കുന്നത് വരെ പദവിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം എന്ന് ബിഷപ് ഫ്രാങ്കോയോടും അഭ്യർത്ഥിക്കുന്നു. വ്യക്തിയുടെ അന്തസിൽ മുറുകെ പിടിക്കേണ്ട സമയം അല്ല ഇത്, സഭയുടെ പരിശുദ്ധി അഭംഗമാണ് എന്ന് തെളിയിക്കേണ്ട സമയമാണ് ഇത്.

ഇന്ത്യയിലെ സഭാധികാരികള് ഒരു മുന്നറിയിപ്പായി മാറേണ്ട ഫ്രാൻസിസ് പാപ്പായുടെ ഒരു ഉദ്ധരണി പറഞ്ഞു ഞാൻ ഉപസംഹരിക്കട്ടെ: “നാം എവിടെ ആയിരിക്കേണ്ടിയിരുന്നുവോ അവിടെ ആയിരുന്നില്ല എന്ന് സമൂഹം എന്ന നിലയിൽ സഭാ നാണക്കേടോടും അനുതാപത്തോടും കൂടെ അംഗീകരിക്കുന്നു,അനേകം ജീവനുകൾക്കു ഉണ്ടാവുന്ന ഹാനിയുടെ ആഴവും പരപ്പും എത്ര വലുതാണ് എന്ന് തിരിച്ചറിയാതെ പ്രവർത്തിക്കേണ്ട സമയത്തു നാം തീരുമാനങ്ങൾ എടുത്തില്ല.” ഈ വിഷയത്തിൽ ഇന്ത്യയിലെ സഭ സത്വര നടപടികൾ കൈക്കൊള്ളുവാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് എത്രയും വേഗം തെളിയിക്കട്ടെ.

Follow Us:
Download App:
  • android
  • ios