രാവിലെ കുർബാനക്ക് മുമ്പ് പള്ളിയിലെത്തിയ സ്വദേശിയായ ഒരാള്‍ തനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് വൈദികനോട് പറഞ്ഞു. പ്രാര്‍ത്ഥനക്ക് സമയമായതിനാൽ അതിനു ശേഷം സംസാരിക്കാമെന്നു പറഞ്ഞ ഉടന്‍ ഇയാള്‍ കൈയ്യിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് വൈദികന്റെ കഴുത്തിൽ കുത്തുകയായിരുന്നു. കട്ടി കൂടിയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നതിനാൽ കഴുത്തിൽ സാരമായ മുറിവ് ഉണ്ടായില്ല. കുത്തിയ ഉടന്‍ അക്രമ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈദികനെ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു.
കഴിഞ്ഞ ഞായറാഴ്ചയും ഇയാള്‍ പള്ളിയിലെത്തി, വൈദികനോട് ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കുകയും ആണെന്ന് പറഞ്ഞപ്പോള്‍ കുർബാന അർപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. നാല് വര്‍ഷമായി ഓസ്‍ട്രേലിയയില്‍ വൈദികനായി ജോലി ചെയ്യുന്ന ഫാദര്‍ ടോമി കളത്തൂർ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ കരിമ്പു് സ്വദേശിയാണ്. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഫാ. ടോമി കളത്തൂരുമായി ഫോണിൽ സംസാരിച്ചു. ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതായി രൂപത പത്രക്കുറിപ്പില്‍ അറിയിച്ചു.
