കൊല്ലം: പരവൂര്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയെന്ന സര്‍ക്കാര്‍ വാഗ്ദാനം നിലനില്‍ക്കെ സ്വകാര്യ ആശുപത്രി ചികിത്സയ്‌ക്ക് പണം ഈടാക്കിയതായി പരാതി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പരവൂര്‍ സ്വദേശി ലാലുവിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ശസ്‌ത്രക്രിയ നടത്താന്‍ 70,000രൂപ കെട്ടിവയ്‌ക്കേണ്ടി വന്നതായി ലാലുവിന്‍റെ ബന്ധു സോണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ സൗജന്യ ചികിത്സയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വരും മുമ്പാണ് പണം വാങ്ങിയെതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ പ്രവ‍ത്തനം വിലയിരുത്താന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും, സര്‍ക്കാര്‍ ഡോക്ടര്‍മാരെയും നിയമിക്കും, പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും ശിവകുമാര്‍ പറഞ്ഞു.