നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ ശക്തമായ നടപടി എടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാദത്തിൽ മോദിയുടെ ആദ്യപ്രതികരണം എൻഡിഎ യോഗത്തിലായിരുന്നു.

വീഴ്ച ഉദ്യോഗസ്ഥരുടേത് 

ദില്ലി:നീറ്റ് പരീക്ഷ ക്രമക്കേടിൽ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ യോഗത്തിലായിരുന്നു പ്രധാനമന്ത്രി നീറ്റ് വിവാദത്തെക്കുറിച്ചുള്ള വിശദീകരണം.കുറ്റക്കാരായ 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ ഉടൻ പുനപരീക്ഷ നടത്തി വേഗം തന്നെ ഫലം പ്രഖ്യാപിച്ചെന്നും മോദി പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുറ്റക്കാർക്ക് ശിക്ഷ നൽകാൻ മികച്ച അഭിഭാഷകരെ നിയോഗിച്ചു. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ സമരം തെരുവിൽ ശക്തമാകുമ്പോഴാണ് മോദിയുടെ വിശദീകരണം. 

യുവാക്കളെ തിരുത്തണം

തെരുവിൽ സമരം ചെയ്യുന്നത് തെറ്റിധരിച്ച യുവാക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരെ തിരുത്തണം. നേർവഴിയിൽ കൊണ്ടുവരുണമെന്നും അതിനായി എൻഡിഎയിലെ അംഗങ്ങൾ ശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ നടപടി ന്യായീകരിച്ച് ചോദ്യപേപ്പർ ചോർച്ച ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിശദീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. മന്ത്രിയെ സംരക്ഷിച്ച നിർത്തി ഉദ്യോഗസ്ഥരിൽ നടപടി നിർത്താനാണ് കേന്ദ്രത്തിൻ്റെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മോദിയുടെ വിശദീകരണം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെൻ്റിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് എൻഡിഎ യോഗത്തിലെ മോദിയുടെ പ്രസ്താവന.