അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവാണിയിലൂടെ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ മന്‍ കി ബാത്ത് പരിപാടിയിലായിരുന്നു പ്രധാനമന്ത്രി അടിയന്തരാവസ്ഥയെ പരാമര്‍ശിച്ചത്. മന്‍ കി ബാത്തിനെ വിമര്‍ശിക്കുന്നതിനുള്‍പ്പെടെ ശക്തി നല്‍കുന്നത് രാജ്യത്തിന്റെ ജനാധിപത്യമാണെന്നും ഇത് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 30ന് മുമ്പ് എല്ലാവരും തങ്ങളുടെ കണക്കില്‍പെടാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും അല്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സെപ്തംബര്‍ 30നകം വെളിപ്പെടുത്തുന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കില്ല. എന്നാല്‍ നിക്ഷേപങ്ങള്‍ അതിന് ശേഷവും രഹസ്യമാക്കി വെക്കുന്നവരുടെ കാര്യം വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അവരുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ യാതൊരു സഹായവും ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും എല്ലാ മാസവും അയ്യായിരം രൂപ സ്വച്ഛ് ഭാരത് പദ്ധതിയിലേക്ക് നല്‍കുമെന്നും നരേന്ദ്ര മോദി അറിയിച്ചു. അതേ സമയം എന്‍എസ്ജി അംഗത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചില്ല.