ഓര്‍മപ്പിഴ, തെരഞ്ഞെടുപ്പ് റാലിയില്‍ നടക്കാത്ത സംഭവത്തില്‍ വിമര്‍ശനവുമായി മോദി

ബെംഗളൂരു: കർ‍ണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് വെട്ടിലായിരിക്കുകയാണ് പ്രധാനമന്ത്രി. 1948ലെ പാക് യുദ്ധത്തിന് ശേഷം മുൻ കരസേന മേധാവി ജനറൽ തിമ്മയ്യയെ നെഹ്റുവും വി കെ കൃഷ്ണമേനോനും അപമാനിച്ചെന്ന പ്രസ്താവനയാണ് വിവാദമായത്. തിമ്മയ്യ കരസേന മേധാവി ആയത് 1957ൽ ആണെന്നത് മറന്നായിരുന്നു മോദിയുടെ ആരോപണം.

കലബുറഗിയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി ഇത് പറഞ്ഞത്. കർണാടകക്കാരായ ഫീൽഡ് മാർഷൽ കരിയപ്പയും ജനറൽ തിമ്മയ്യയും രാജ്യത്തിന്‍റെ അഭിമാനമാണ്. ഇരുവരോടും മര്യാദകേടാണ് കോൺഗ്രസ് കാട്ടിയത്. 1948ലെ പാക് യുദ്ധത്തിന് ശേഷം തിമ്മയ്യയെ പ്രധാനമന്ത്രി നെഹ്റുവും പ്രതിരോധമന്ത്രി കൃഷ്ണമേനോനും അപമാനിച്ചു. മോദി ആഞ്ഞടിച്ചു.

എന്നാൽ പ്രധാനമന്ത്രിയുടെ കണക്കെല്ലാം തെറ്റിയെന്ന് കോൺഗ്രസും സ്വരാജ് അഭിയാൻ പാർട്ടി നേതാവ് യോഗേന്ദ്രയാദവ് അടക്കമുളളവരും തെളിവ് നിരത്തി പറയുന്നു. 1948ൽ ജനറൽ തിമ്മയ്യ കരസേന മേധാവി ആയിരുന്നില്ല. അദ്ദേഹം മേധാവി ആയത് 1957 മുതൽ 62 വരെയാണ്. മോദി പറഞ്ഞ പാക് യുദ്ധ കാലത്ത് കൃഷ്ണമേനോൻ പ്രതിരോധമന്ത്രി ആയിരുന്നില്ല, അന്നദ്ദേഹം ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറാണ്. തിമ്മയ്യയെ അപമാനിക്കുകയല്ല,പകരം സീനിയോറിറ്റി മറികടന്ന് അദ്ദേഹത്തെ കരസേന മേധാവി ആക്കുകയാണ് നെഹ്റു ചെയ്തതെന്ന് ചരിത്രകാരൻമാർ പറയുന്നു. 

തെറ്റ് മനസ്സിലായത് കൊണ്ടെന്നറിയില്ല, മോദി പിന്നീട് ഒരു റാലിയിലും ഇക്കാര്യം പറഞ്ഞില്ല. ബെല്ലാരിയിൽ തിമ്മയ്യയുടെ പേര് പരാമർശിക്കുക മാത്രം ചെയ്തു. ബെംഗളൂരുവിലും പിന്നീട് തുംകൂരുവിലും മൗനം. പ്രധാനമന്ത്രി പറയുന്ന ഒരുപാട് നുണകളുടെ കൂട്ടത്തിൽ ഒന്നുമാത്രമായി ഇതിനെ കണ്ടാൽ മതിയെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.