തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലം, തിരുവനന്തപുരം നഗരത്തില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലത്ത് രാവിലെ 11 മുതല്‍ രാത്രി 7.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ വൈകീട്ട് 5 മണിമുതല്‍ രാത്രി 10  മണിവരെയാണ് നിയന്ത്രണം. രാവിലെ മുതല്‍ റേഡുകളില്‍ പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടാകും. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ മുന്നറിയിപ്പ് കൂടാതെ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുവാഹനങ്ങള്‍ വൈകീട്ട് നാല് മണി മുതലും കൊട്ടിയം, കുണ്ടറ, ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുള്ള വാഹനങ്ങള്‍ വൈകീട്ട് നാലുമുതലും ടൈറ്റാനിയം ജംഗ്ഷന്‍, പടപ്പനാല്‍, കാരാളിമുക്ക്, ശാസ്താംകോട്ട, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും പോകണമെന്നും പൊലീസ് അറിയിച്ചു. 

കൊട്ടാരക്കര ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ കുണ്ടറ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളന സ്ഥലത്ത് എത്തുന്നവര്‍ ബാഗ്, ക്യാമറ, കുപ്പിവെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍, കുട തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ പൊലീസ് മേധാവി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം അഞ്ചുമണി മുതല്‍ രാത്രി 10 മണിവരെ എയര്‍പോര്‍ട്ട്, ആള്‍സെയിന്‍സ്, ചാക്ക, ഈഞ്ചയ്ക്കല്‍, പടിഞ്ഞാറേക്കോട്ട, മിത്രാനന്തപുരം, വാഴപ്പള്ളി, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ആലുക്കാസ്, കിഴക്കേനട, പത്മ വിലാസം വരെയുള്ള റോഡിലും ചാക്ക , പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, ആര്‍.ആര്‍.ലാംമ്പ്, മ്യുസിയം, കെല്‍ട്രോണ്‍, വെള്ളയമ്പലം, രാജ്ഭവന്‍ വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണവും, പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ് എന്ന് പൊലീസ് അറിയിച്ചു. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയോരക്കച്ചവടക്കള്‍ക്കും നിയന്ത്രണമുണ്ട്. 

തിരുവനന്തപുരത്തെ ഗതാഗത നിയന്ത്രണത്തെ കുറിച്ചുളള പൊലീസിന്റെ അറിയിപ്പിന്റെ പൂര്‍ണരൂപം 

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി അവര്‍കളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 15.01.2019 തീയതി തിരുവനന്തപുരം .നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

15.01.2019 തീയതി വൈകുന്നേരം 05.00മണിമുതല്‍ രാത്രി 10.00 മണിവരെ എയര്‍പോര്‍ട്ട്, ആള്‍സെയിന്‍സ്, ചാക്ക, ഈഞ്ചയ്ക്കല്‍, പടിഞ്ഞാറേക്കോട്ട, മിത്രാനന്തപുരം, വാഴപ്പള്ളി, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ആലുക്കാസ്, കിഴക്കേനട, പത്മ വിലാസം വരെയുള്ള റോഡിലും ചാക്ക , പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, ആര്‍.ആര്‍.ലാംമ്പ്, മ്യുസിയം, കെല്‍ട്രോണ്‍, വെള്ളയമ്പലം, രാജ്ഭവന്‍ വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണവും, പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

മേല്‍പറഞ്ഞ റോഡുകളില്‍ അന്നേദിവസം രാവിലെ മുതല്‍ കര്‍ശന പാര്‍ക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കു ന്നതാണ്. ആയതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ യാതൊരു മുന്നറിയിപ്പും കുടാതെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ െ്രെഡവറോ, ക്ലീനറോ ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട ആളുടെ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളില്‍ അന്നേദിവസം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വഴിയോര കച്ചവടവും യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങള്‍:

കോവളം ബൈപ്പാസ് വഴി തിരുവനന്തപുരം നഗരത്തിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ തിരുവല്ലം പാലം ഭാഗത്തു നിന്നും തിരിഞ്ഞ് കമലേശ്വരം, മണക്കാട് വഴി പോകേണ്ടതാണ്.

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും കുഴിവിള ജംഗ്ഷനില്‍ നിന്നോ വെണ്‍പാലവട്ടം ജംഗ്ഷനില്‍ നിന്നോ തിരിഞ്ഞ് നഗരത്തിലേയ്ക്ക് പോകേണ്ടതാണ്.

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ഹെവി/ചരക്ക് വാഹനങ്ങള്‍ കഴക്കുട്ടത്തു നിന്നും തിരിഞ്ഞ് കാര്യവട്ടം, ശ്രീകാര്യം വഴി പോകേണ്ടതാണ്.

ശംഖുമുഖം, ആള്‍സെയിന്റ്‌സ്, വെട്ടുകാട് ഭാഗത്തേയ്ക്ക് പോകേണ്ടതായ വാഹനങ്ങള്‍ പേട്ട ഭാഗത്തുനിന്നും തിരിഞ്ഞ് ആനയറ, വെണ്‍പാലവട്ടം, വേളി വഴി പോകേണ്ടതാണ്.

വിമാനത്താവളത്തിലേയ്ക്ക് വരുന്ന എല്ലാ യാത്രക്കാരും മുന്‍കൂട്ടി യാത്ര ആരംഭിച്ച് യാത്രാ തടസ്സം ഒഴിവാക്കേണ്ടതാണ്.

പ്രധാനമന്ത്രി അവര്‍കളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേല്‍പ്പറഞ്ഞ റോഡുകളുടെ ഇരുവശത്തും യാതൊരുവിധ പാര്‍ക്കിംഗുകളും , വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളില്‍ അന്നേദിവസം യാതൊരുവിധ വാഹന പാര്‍ക്കിംഗുകളും അനുവദിക്കുന്നതല്ല.

വാഹന പാര്‍ക്കിംഗിനുള്ള സ്ഥലങ്ങള്‍:


ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന ഭക്തജനങ്ങളുടേയും വാഹനങ്ങള്‍ പഴവങ്ങാടി, കിഴക്കേകോട്ട, അട്ടക്കുളങ്ങര എന്നീ സ്ഥലങ്ങളില്‍ ആളെ ഇറക്കിയശേഷം ആറ്റുകാല്‍ ഭഗവതി ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

പ്രധാനമന്ത്രി കടന്നു പോകുന്ന പാതകള്‍ക്ക് ഇരുവശവുമുള്ള താമസക്കാരും, കച്ചവടക്കാരും ടി സമയങ്ങളില്‍ ടി പാതയിലൂടെയുള്ള വാഹനയാത്രകള്‍ ഒഴിവാക്കേണ്ടതും, ഇടറോഡുകളില്‍ നിന്നും വാഹനങ്ങള്‍ പ്രധാനപാതയിലേയ്ക്ക് കൊണ്ടുവരാന്‍ പാടില്ലാത്തുമാണ് .

പ്രധാനമന്ത്രി കടന്നു പോകുന്ന പാതകള്‍ക്ക് ഇരുവശവുമുള്ള റോഡുകളിലേയും കെട്ടിടങ്ങളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്നേ ദിവസം അനുവദിക്കുന്നതല്ല.

മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാര്‍ കാലേക്കൂട്ടി വിമാനത്താവളത്തില്‍ എത്തേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 04712558732. 
04712558731 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്‌