വാസുദേവന്‍റെ വീടാക്രമിക്കപ്പെടുന്ന സമയത്ത് താന്‍ ജോലി സ്ഥലത്തായിരുന്നു. അവിടെ വച്ച് വിവരം അറിഞ്ഞാണ് താന്‍ വാസുദേവന്‍റെ വീട്ടിലേക്കെത്തിയത്.

പറവൂര്‍: പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് വാസുദേവന്‍റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന് കേസിലെ പോലീസ് സാക്ഷി പരമേശ്വരന്‍ ഏഷ്യനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്‍റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്‍റെ എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. 

ഒരുസംഘം ആളുകള്‍ വീട് കയറി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വരാപ്പുഴ തുണ്ടിപ്പറന്പില്‍ വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നത്. വാസുദേവന്‍റെ അയല്‍വാസിയായ പരമേശ്വരന്‍ അക്രമി സംഘത്തില്‍ ശ്രീജിത്തും സഹോദരന്‍ സജിത്തും അടക്കം തിരിച്ചറിയാവുന്ന ചിലരുണ്ടായിരുന്നുവെന്നും ഇവര്‍ വാസുദേവനെ മര്‍ദ്ദിക്കുന്നത് കണ്ടെന്നുമാണ് പോലീസിന്‍റെ എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

വാസുദേവന്‍റെ വീടാക്രമിക്കപ്പെടുന്ന സമയത്ത് താന്‍ ജോലി സ്ഥലത്തായിരുന്നു. അവിടെ വച്ച് വിവരം അറിഞ്ഞാണ് താന്‍ വാസുദേവന്‍റെ വീട്ടിലേക്കെത്തിയത്. പരിസരത്തെ വീടുകളിലെ സ്ത്രീകളെല്ലാം അവിടെയുണ്ടായിരുന്നു. അന്നും പിറ്റേന്നും നടന്ന പ്രതിഷേധ പരിപാടികളില്‍ പ്രദേശവാസികള്‍ക്കൊപ്പം താനും പങ്കെടുത്തിരുന്നു. എന്നാല്‍ വീടാക്രമിച്ചതുമായി ബന്ധപ്പെട്ടോ വാസുദേവന്‍റെ ആത്മഹത്യയിലോ താന്‍ പോലീസിന് മൊഴി നല്‍കിയിട്ടില്ല.... പരമേശ്വരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.