ലണ്ടന്‍: ബ്രിട്ടിനിലെ രാജകുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടിയെത്തുന്നു. രണ്ടു കുട്ടികള്‍ക്ക് ശേഷം കെയ്റ്റ് മൂന്നാമതൊരു കുട്ടിക്ക് കൂടി ജന്മം നല്‍കാന്‍ പോവുകയാണ്. കെന്‍സിന്‍റണ്‍ കൊട്ടാരത്തില്‍ നിന്നാണ് പുതിയ അറിയിപ്പ്. നാലു വയസുകാരനായ ജോര്‍ജ്ജും രണ്ട് വയസ്സ്കാരിയായ ചാര്‍ലറ്റുമാണ് വില്ല്യമിന്‍റെയും കെയ്റ്റിന്‍റെയും രണ്ട് മക്കള്‍.
തന്‍റെ രണ്ടു കുട്ടികളെയും പ്രസവിച്ച ലണ്ടനിലെ സെന്‍റ് മേരീസ് ആശുപത്രിയിലായിരിക്കും 35 കാരിയായ കെയ്റ്റ് മൂന്നാമത്തെ കുട്ടിക്കും ജന്മം നല്‍കുക. ഈസ്റ്റ് ആഗ്ളിയന്‍ എയര്‍ ആംബുലന്‍സിലെ രണ്ടുവര്‍ഷത്തെ സേവനം അവസാനിപ്പിച്ച് രാജ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വില്ല്യം.
ഇവരുടെ മൂത്ത കുട്ടിയായ ജോര്‍ജ്ജ് കൊട്ടാരത്തിനടുത്തുളള ബാറ്റേഴ്സയിലെ സ്കൂളില്‍ ഔദ്യോഗിക വിദ്യാഭ്യാസം തുടങ്ങാന്‍ പോവുന്നതിന് തൊട്ടുമുമ്പാണ് മൂന്നാമത്തെ കുട്ടിയുടെ വരവിനെ കുറിച്ചുളള വാര്‍ത്ത കൊട്ടാരം പുറത്ത് വിട്ടത്.
